കൊച്ചി: കൊച്ചിൻ ഫ്ളവർ ഷോയ്ക്ക് തുടക്കമായി​. നിശാശലഭങ്ങളുടെ രൂപത്തിലുള്ള മോത്ത് ഓർക്കിഡ് എന്നറിയപ്പെടുന്ന ഫെലനോപ്‌സിസ് പൂക്കളാണ് ഓർക്കി​ഡ് പവലിയനിലെ രാജാവ്.

പതിനഞ്ചോളം നിറങ്ങളിൽ ചെറുതും വലുതുമായി വിവിധയിനം ഫെലനോപ്‌സിസ് പൂക്കൾ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മൂന്നര മാസത്തോളം ഇവ വാടാതെ നി​ൽക്കും.

അര ലക്ഷത്തോളം ചെടി​കൾ പ്രദർശി​പ്പി​ക്കുന്നതി​ൽ രണ്ടായിരത്തോളം റോസുകളാണ്. ഇരുന്നൂറോളം ചെമ്പരത്തികളും ഗ്രാഫ്റ്റ് ചെയ്ത അഡീനിയം, പെറ്റിയൂണിയ, ടേബിൾ ടോപ്പ് ഗാർഡൻ തുടങ്ങി മറ്റനേകം പൂക്കളും മേളയിലുണ്ട്.

എല്ലാ പവലിയനിലും ഫോട്ടോ ബൂത്തുകളും സെൽഫി സ്‌പോട്ടുകളും ഒരുക്കിയിട്ടുണ്ട്.

പ്രദർശനം ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി പങ്കെടുത്തു.

രാവിലെ 9 മുതൽ രാത്രി 9 വരെ പ്രദർശനം കാണാം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റിന്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇളവ് ലഭിക്കും. മേള 12 ന് സമാപിക്കും.