കൊച്ചി: ശബരിമലയിൽ അയ്യപ്പന്മാർക്ക് നേരെയുള്ള പൊലീസ് അതിക്രമം ഉടൻ അവസാനിപ്പിക്കണമെന്ന് ശബരിമല കർമ്മ സമിതിയുടെയും വിവിധ സാമുദായിക സംഘടനാ നേതാക്കളുടെയും യോഗം സർക്കാരിനോടാവശ്യപ്പെട്ടു. ശബരിമലയിൽ അസൗകര്യങ്ങളാൽ വലയുകയാണ് ഭക്തർ. അതിനിടെയാണ് പൊലീസ് മർദ്ദനം. കുടിവെള്ളം ആവശ്യത്തിന് കിട്ടാനില്ല, വൃത്തിയുള്ള ശൗചാലയങ്ങളില്ല. പമ്പയിൽ ഉൾപ്പെടെ വിരിവെക്കാനുള്ള സൗകര്യം പരിമിതമാണ്.
വനപ്രദേശങ്ങളിൽ തടഞ്ഞിടുന്ന വാഹനങ്ങളിലുള്ളവർക്ക് ശുദ്ധജലവും ആഹാരവും കിട്ടുന്നില്ല. നിലക്കൽ - പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ ആവശ്യത്തിനില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
എല്ലാ മകരം ഒന്നിന് കേരളത്തിലെമ്പാടും ബഹുജന പങ്കാളിത്തത്തോടെ മകരജ്യോതി തെളിക്കാനും യോഗം തീരുമാനിച്ചു.
യോഗം ആർ.എസ്.എസ് പ്രാന്തസംഘചാലക് പി.ഇ.ബി മേനോൻ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് മുൻ പ്രസിഡന്റ് എൻ. നീലകണ്ഠൻ അദ്ധ്യക്ഷതവഹിച്ചു. പന്തളം കൊട്ടാരം സെക്രട്ടറി നാരായണ വർമ്മ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി.രാമൻ നായർ, വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് ബി.ആർ ബലരാമൻ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് സി.കെ കുഞ്ഞ്, ശബരിമല അയ്യപ്പസേവാസമാജം സംഘടനാ സെക്രട്ടറി വി.കെ വിശ്വനാഥൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു തുടങ്ങിയവർ പ്രസംഗിച്ചു.