ഹോളിഫെയ്ത്തിൽ സ്ഫോടക വസ്തുക്കൾ ഇന്ന് നിറയ്ക്കും

കൊച്ചി: മരടിൽ പൊളിച്ചുമാറ്റേണ്ട ആദ്യ ഫ്ലാറ്റു സമുച്ചയമായ എച്ച്.ടു.ഒ ഹോളിഫെയ്ത്തിൽ സ്ഫോടകവസ്തുക്കൾ ഇന്ന് രാവിലെ ആറുമുതൽ നിറച്ചു തുടങ്ങും. ഇതിനായുള്ള അനുമതി പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസൊ) നൽകി. മറ്റു മൂന്ന് ഫ്ലാറ്റുകളിലേക്കുമുള്ള എൻ.ഒ.സിയും കൈമാറിയിട്ടുണ്ട്.

കളക്ടർ നൽകിയ എൻ.ഒ.സി പ്രകാരമാണ് അനുമതി. ഇന്നലെ നിറയ്ക്കേണ്ട സ്ഫോടക വസ്തുക്കളാണ് ഒരു ദിവസം വൈകി നിറയ്ക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 10ന് അങ്കമാലി മഞ്ഞപ്രയിലെ സംഭരണ കേന്ദ്രത്തിൽ നിന്ന് പൊലീസ് അകമ്പടിയോടെ എത്തിച്ച ഇവ എൻ.ഒ.സി ലഭിക്കുന്നത് വൈകിയതിനാൽ വൈകിട്ട് ആറിന് തിരിച്ചയക്കുകയായിരുന്നു.

അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമേൽഷൻ സ്‌ഫോടക വസ്തു 250 കിലോയുണ്ട്.

ഹോളിഫെയ്ത്തിൽ സ്ഫോടകവസ്തു നിറയ്ക്കുന്നത് ഇങ്ങനെ:

തേവര –കുണ്ടന്നൂർ പാലത്തിന് സമീപത്തെ എച്ച്.ടു.ഒ ഹോളിഫെയ്ത്താണ് ആദ്യം പൊളിക്കും.

• ജനുവരി 11ന് രാവിലെ 11ന് ആദ്യ സ്‌ഫോടനം നടക്കും. 11 സെക്കൻ‌ഡിനുള്ളിൽ ഫ്ലാറ്റ് പൂർണ്ണമായും നിലത്താകും. 50 മീറ്ററിലധികം ഉയരമുള്ള ഫ്ലാറ്റിന് 19 നിലകളായിരുന്നു.

മുംബായിലെ എഡിഫൈസ് എൻജിനിയറിംഗ് കമ്പനി ആഫ്രിക്കയിൽ നിന്നുള്ള ജറ്റ് ഡിമോളിഷനുമായി ചേർന്നാണ് ഈ ഫ്ലാറ്റ് പൊളിക്കുന്നത്.

ഫ്ലാറ്റിന്റെ ഏറ്റവും താഴത്തെ നില, ഒന്ന്, നാല്, പത്ത്, പതിനഞ്ച് എന്നീ നിലകളിലാണ് സ്‌ഫോടക വസ്തുക്കൾ നിറയ്ക്കുന്നത്.

32 മില്ലീമീറ്റർ വ്യാസവും 850 മുതൽ 900 മില്ലിമീറ്റർ ആഴവും ഉള്ള 1471 ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് 765 ദ്വാരങ്ങളിലും അടുത്ത ദിവസം 706 ദ്വാരങ്ങളിലും സ്‌ഫോടക വസ്തുക്കൾ നിറയ്ക്കും.

കെട്ടിടത്തിൽ നിന്നും നൂറുമീറ്റർ അകലെ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് ഷെഡിൽ നിന്നാണ് തിരികൊളുത്തുന്നത്. 36 ഡിഗ്രി ചെരിഞ്ഞ് മുൻവശത്തേക്കാണ് ഫ്ലാറ്റ് വീഴുക. അവശിഷ്ടങ്ങൾ പുറത്തേക്ക് തെറിക്കാതിരിക്കാൻ നാലു പാളികളിലായി സ്റ്റീൽ വലകളും ജിയോ ടെക്‌സ്‌റ്റൈൽ ഷീറ്റുകളും കൊണ്ട് സ്‌ഫോടനം നടത്തുന്ന നിലകൾ പൂർണ്ണമായും മൂടിയിട്ടുണ്ട്.

പാലത്തിൽ വാഹനങ്ങൾ സഞ്ചരിക്കുമ്പോഴുള്ള പ്രകമ്പനത്തേക്കാർ കുറവായിരിക്കും സ്‌ഫോടന സമയത്തെ പ്രകമ്പനം എന്ന് കമ്പനി ഉറപ്പു വരുത്തിയിട്ടുണ്ട്.

ഓരോ ഫ്ലാറ്റുകൾക്കും വേണ്ട സ്ഫോടക വസ്തു

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ - 215 കിലോ
ജെയിൻ കോറൽ കേവ് - 400 കിലോ
ഗോൾഡൻ കായലോരം - 15 കിലോ
ആൽഫ സെറീൻ ഇരട്ട സമുച്ചയം- രണ്ടിനും 250 കിലോ വീതം