കൊച്ചി: ഹൈക്കോടതി ജംഗ്ഷനിൽ അസാം സ്വദേശിയെ മർദ്ദിച്ച് പണം കവർന്ന കേസിൽ കളമശേരി കടപ്പള്ളി മൂലയിൽ സതീഷ്‌കുമാർ (42), മുളവുകാട് കളപ്പുരക്കൽ ആന്റണി (39), വൈക്കം വെള്ളകാട പ്രവീൺ (37) എന്നിവരെ സെൻട്രൽ പൊലീസ് അറസ്‌റ്റു ചെയ്‌തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അസം സ്വദേശിയും ഹൈക്കോടതി ജംഗ്ഷനിൽ കടയിൽ ജോലിക്കാരനുമായ അഷദുൽ റഹ്മാനാണ് അക്രമത്തിന് ഇരയായത്. കടയിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി വാക്ക്‌വേയിൽ കൂടി നടന്നുപോകുന്ന സമയത്താണ് പ്രതികൾ പണം ആവശ്യപ്പെട്ട് തടഞ്ഞുനിർത്തിയത്. പണം കൊടുക്കാൻ വിസമ്മതിച്ചതോടെ പ്രതികൾ മൂവരുംകൂടി മർദ്ദിച്ച് താഴെയിട്ട് പോക്കറ്റിലുള്ള പണം കവരുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. സെൻട്രൽ സി.ഐ. എസ്. വിജയശങ്കർ, സബ് ഇൻസ്‌പെക്ടർമാരായ സനൽകുമാർ, കിരൺ സി. നായർ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്‌.