umman
ബെന്നി ബെഹനാൻ എം.പി നയിച്ച ജനകീയ മാർച്ചിന്റെ സമാപന സമ്മേളനം ആലുവയിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: നിരവധി മഹാന്മാർ ജീവത്യാഗം ചെയ്ത് നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ രണ്ടാം സ്വാതന്ത്ര്യസമരം സംഘടിപ്പിക്കുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാൻ എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.എൽ.എമാർ നയിച്ച ജനകീയ മാർച്ചിന്റെ സമാപന സമ്മേളനം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സമരം ഇന്ത്യയിലെ 130 കോടി ജനങ്ങളുടെതാണ്. ജനങ്ങളുടെ സംഘടിത മുന്നേറ്റത്തിന് മുമ്പിൽ നരേന്ദ്രമോദിയും അമിത്ഷായും മുട്ടുമടക്കും. ഈ സമരത്തിൽ തോറ്റാൽ തകരുന്നത് നമ്മുടെ രാജ്യമാണ്. നഷ്ടപ്പെടുന്നത് നമ്മുടെ ആത്മാവാണ്.

പൗരത്വ ഭേദഗതി നിയമം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ഒരു തുടക്കം മാത്രമാണ്. നാളെ മറ്റ് മേഖലകളിലേക്കും കടക്കും. ഏകാധിപതിയുടെ ശബ്ദമാണ് അമിത് ഷായുടെതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പെരുമ്പാവൂരിൽ നിന്നും ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ വി.പി സജീന്ദ്രൻ, അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു. സമാപനസമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി. കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് ടി.എച്ച്. മുസ്തഫ, കെ.എസ്.യു മുൻ പ്രസിഡന്റ് വി.എക്സ്. ജോയി എന്നിവർ പ്രസംഗിച്ചു.

നേതാക്കളായ ഹൈബി ഈഡൻ, ടി.ജെ. വിനോദ്, കെ.പി. ധനപാലൻ, ഡൊമിനിക്ക് പ്രസന്റേഷൻ, കെ. ബാബു, ടോണി ചമ്മിണി, എം.ഒ. ജോൺ, ബി.എ. അബ്ദുൾ മുത്തലിബ്, ജെബി മേത്തർ, മുഹമ്മദ് ഷിയാസ്, മനോജ് മൂത്തേടൻ, കെ.കെ. ജിന്നാസ്, എം.ടി. ജയൻ, ബാബു പുത്തനങ്ങാടി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

ജനകീയ മുന്നേറ്റത്തെ പരിഹസിച്ച മറ്റൊരു ഗവർണറില്ല

ആലുവ: ജനകീയ മുന്നേറ്റത്തെ പരിഹസിച്ച മറ്റൊരു ഗവർണർ കേരളത്തിലെന്നല്ല, ഇന്ത്യയിൽ പോലും ഉണ്ടായിട്ടില്ലെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു. കേരളവും ഇന്ത്യയും എത്രയോ ഗവർണർമാരെ കണ്ടിരിക്കുന്നു. ഒരിടത്തും ഗവർണർമാർ സമരത്തെ എതിത്തിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ബി.ജെ.പിക്കാർ പോലും പറയാത്ത കാര്യങ്ങളാണ് കേരള ഗവർണർ പറയുന്നത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളെല്ലാം അദ്ദേഹം സ്വയം ക്ഷണിച്ച് വരുത്തുന്നതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.