കൊച്ചി: ആദിവാസികളുടെ കാർഷികോത്പന്നങ്ങളും വനവിഭവങ്ങളും ന്യായവിലയ്ക്ക് സംഭരിക്കാൻ വഴിയൊരുങ്ങുന്നു. ആദിവാസികളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങാൻ കൊച്ചി ആസ്ഥാനമായ കയറ്റുമതി സ്ഥാപനം വനംവകുപ്പുമായി ചർച്ച ആരംഭിച്ചു.

പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. ആഗോള വിപണിയിൽ വൻപ്രിയമുള്ള കാട്ടുനെല്ലിക്ക, കറുത്ത മഞ്ഞൽ, ചക്കരക്കൊല്ലി, കുന്തിരിക്കം എന്നിവയാണ് സംഭരിക്കുക. ഇടനിലക്കാരെ ഒഴിവാക്കി മികച്ച വില ആദിവാസികൾക്ക് നൽകാൻ കഴിയുമെന്ന് കൊച്ചി ആസ്ഥാനമായ ഇൻഡിട്രേഡ്, വെവസ് ലിപിഡോസ് എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ ഡി. അരുൺകുമാർ പറഞ്ഞു. വനം വകുപ്പിന്റെ മേൽനോട്ടത്തിൽ ഇവ സംഭരിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കും. വനം വകുപ്പുമായി ചർച്ചകൾ ആരംഭിച്ചു. ഒഡിഷാ സർക്കാരുമായി സഹകരിച്ച് മഞ്ഞൾ, ഇഞ്ചി, കോളിയസ് എന്നിവ സംഭരിക്കുന്നുണ്ട്. സർക്കാർ നൽകിയ 200 ഹെക്ടർ സ്ഥലത്ത് ആദിവാസികൾ കൃഷി ചെയ്താണ് വിളകൾ നൽകുന്നത്. വിത്തും കൃഷിയ്ക്ക് സഹായവും നൽകും. സർക്കാർ നിശ്ചയിക്കുന്ന വിലയിലാണ് വിളകൾ സംഭരക്കുന്നത്. ആഗോളതലത്തിൽ പ്രിയമുള്ള മഞ്ഞളുൾപ്പെടെ സംഭരിച്ച് സത്തെടുത്ത് കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ഇൻഡിട്രേഡ്സ്.