കോതമംഗലം: മുനിസിപ്പാലിറ്റിയുടെ കുമ്പളത്തുമുറിയിലെ മാലിന്യ പ്ലാന്റിൽ വൻ അഗ്നിബാധ. കോതമംഗലം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം വെള്ളം പമ്പ് ചെയ്‌തപ്പോഴാണ് ഭാഗികമായെങ്കിലും തീയണക്കാനായത്. ഇന്നലെ രാവിലെ പത്ത് മണിയോടെയും രണ്ടു മണിയോടെയും രണ്ടു വട്ടം രണ്ട് ഫയർഎഞ്ചിനുകൾ എത്തി തീയണച്ചതാണ്. മാലിന്യപ്ലാന്റിൽ കുന്നു പോലെയാണ് മാലിന്യം. ഫയർഎഞ്ചിനുകൾ ഏറെ ബുദ്ധിമുട്ടിയാണ് ഇവി ടേക്ക് എത്തിയത്. പ്ലാന്റിലേക്കുള്ള റോഡിൽ പോലും മാലിന്യക്കൂമ്പാരമാണ്. ദുർഗന്ധം കലർന്ന പുക നാട്ടുകാരെ വശംകെടുത്തി. മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്തതിനാൽ നഗരസഭാധികൃതരുടെ ഒത്താശയോടെ തീയിട്ടതാണെന്നും ആരോപണമുയർന്നു. കഴിഞ്ഞ 31 ന് രാത്രിയും ഇവിടെ തീ പിടിച്ചിരുന്നു. ഫയർഫോഴ്സ് സംഘം വളരെ ബുദ്ധിമുട്ടിയാണ് അന്നും തീയണച്ചത്. സ്റ്റേഷൻ ഓഫീസർ റ്റി.പി കരുണാകരപിള്ള, സംഘാംഗങ്ങളായ സജി മാത്യു,ബിനോയി,അനിൽകുമാർ, സുരേഷ്, നൗഷാദ്, ബിബിൻ, രാഹുൽ, അനീഷ് കുമാർ, അനൂപ് എന്നിവരാണ് നേതൃത്വം നൽകിയത്.