മൂവാറ്റുപുഴ : പോയാലി മല ടൂറിസം പദ്ധതി പുനരുജിവിപ്പിക്കുന്നതിന്റെ ഭാഗമായി പോയാലി മല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് പോയാലി മലയ്ക്ക് മുകളിൽ ജനകീയ കൺവെൻഷൻ നടക്കും. കൺവെൻഷൻ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ പദ്ധതി വിശദീകരണവും, മുഖ്യപ്രഭാഷണവും നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പായിപ്ര കൃഷ്ണൻ, സ്മിത സിജു, ടി.എച്ച്.ബബിത എന്നിവർ സംസാരിക്കും. പോയാലിമല സംരക്ഷണ സമിതി ചെയർമാൻ പി.എച്ച്.സക്കീർ ഹുസൈൻ സ്വാഗതവും കൺവീനർ പി.എം.നൗഫൽ നന്ദിയും പറയും. പായിപ്ര ഗ്രാമ പഞ്ചായത്തിൽ പായിപ്രയേയും മുളവൂരിനേയും തമ്മിൽ വേർതിരിക്കുന്ന പോയാലി മല സമുദ്രനിരപ്പിൽ നിന്നും അഞ്ഞൂറ് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. പാറക്കെട്ടുകളും, മൊട്ട കുന്നുകളും കൊണ്ട് അനുഗ്രഹീതമായ പോയാലി മല നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. പോയാലിമലയുടെ മുകളിൽ നടക്കുന്ന ജനകീയ കൺവെൻഷനോടനുബന്ധിച്ച് വൈകിട്ട് നാല് മുതൽ അഞ്ച് വരെ സ്ത്രീകളും, കുട്ടികളും അടക്കമുള്ള പൊതുജനങ്ങൾക്ക് പോയാലി മലയുടെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.