# വിഷയം ജില്ലാ കളക്ടർക്ക് വിട്ടതായി തഹസിൽദാർ

ആലുവ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തിന്റെ പേരിൽ ആലുവ താലൂക്ക് വികസനസമിതി യോഗത്തിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ പോർവിളി. കഴിഞ്ഞ യോഗത്തിൽ പാസാക്കിയ പ്രമേയത്തിനെതിരെ ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. ഗോപി ആക്ഷേപം ഉന്നയിച്ചു. താലൂക്ക് സമിതി യോഗം തന്നെ അറിയിക്കാതിരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സംശയിക്കുന്നതായും അതിനാൽ പ്രമേയം പിൻവലിക്കണമെന്നും ഗോപി ആവശ്യപ്പെട്ടതോടെയാണ് കോൺഗ്രസ് പ്രതിനിധികളുടെ നേതൃത്വത്തിൽ എതിർപ്പുയർന്നത്.

രാജ്യസഭയും ലോക്‌സഭയും പാസാക്കിയ നിയമത്തിനെതിരെ താലൂക്ക് വികസനസമിതി പാസാക്കിയ പ്രമേയം നിലനിൽക്കുന്നതല്ലെന്ന് ഗോപി പറഞ്ഞു. എന്നാൽ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയം പിൻവലിക്കാനാവില്ലെന്ന് യോഗത്തിൽ പങ്കെടുത്ത യു.ഡി.എഫ് പ്രതിനിധികൾ വാദിച്ചു. മാത്രമല്ല, നിയമസഭയിലും സമാനമായ പ്രമേയം പാസാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നടപടിക്രമങ്ങളിൽ അപാകതയില്ലെന്നും യു.ഡി.എഫ് പ്രതിനിധികളായ ലത്തീഫ് പൂഴിത്തറയും ഡൊമിനിക്ക് കാവുങ്കലും പറഞ്ഞു. തുടർന്ന് വിഷയം ജില്ലാ കളക്ടർക്ക് വിടുകയാണെന്ന് താലൂക്ക് തഹസിൽദാർ യോഗത്തെ അറിയിക്കുകയായിരുന്നു.

ആലുവ നഗരത്തിലെ ഭൂഗർഭ വൈദ്യുതി കേബിൾ പദ്ധതി കാരണം റോഡുകൾ കുത്തിപ്പൊളിഞ്ഞു കിടക്കുന്നതും തുടർച്ചയായി കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതും യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) പ്രതിനിധി ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു. ശിവരാത്രിക്ക് മുമ്പായി ഭൂഗർഭ പദ്ധതി പൂർത്തീകരിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകി. ആലുവ കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണത്തിനായി പഴയ കെട്ടിടം പൊളിച്ചതിനാൽ യാത്രക്കാർ ദുരിതം അനുഭവിക്കുകയാണൈന്ന് താലൂക്ക് സഭ ചൂണ്ടിക്കാട്ടി. സ്റ്റാൻഡിൽ അന്വേഷണ സംവിധാനം വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

അങ്കമാലി ഇടതുകര കനാൽ, കരയാംപറമ്പ് കനാൽ മേഖലകളിൽ കനാലിൽ വെള്ളം തുറന്നുവിടണമെന്നആവശ്യം താലൂക്ക് സഭ അംഗീകരിച്ചു.

പെരിയാറിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റ് പുനർനിർമ്മിക്കണമെന്ന് എം.എൻ. ഗോപി ആവശ്യപ്പെട്ടു. ആലുവ നഗരസഭയുടെ നേതൃത്വത്തിൽ ആശ്രമംകടവിൽ സ്ഥാപിച്ച പ്ലാന്റ് കഴിഞ്ഞ പ്രളയകാലത്ത് നശിച്ചുപോയിരുന്നു. താലൂക്ക് വികസന സമിതിയിൽ മാദ്ധ്യമങ്ങളെ പ്രതിനിധീകരിച്ച് ഒരാളെ ഉൾപ്പെടുത്തണമെന്ന കേരള കോൺഗ്രസ് (ജേക്കബ്) നിർദ്ദേശം യോഗം അംഗീകരിച്ചു.

ഷാജു തെക്കേക്കര അദ്ധ്യക്ഷനായി. ആലുവ നഗരസഭ ചെയർസ് പേഴ്‌സൺ ലിസി എബ്രഹാം, മുരളി പുത്തൻവേലി, സി.എം. റഷീദ്, പി.എ. അബ്ദുൾ സമദ്, ലത്തീഫ് പുഴിത്തറ, തഹസിൽദാർ കെ.വി. തോമസ്, ഭൂരേഖ തഹസിൽദാർ പി.എൻ. അനി തുടങ്ങിയവർ പങ്കെടുത്തു. സി.പി.എം, സി.പി.ഐ പ്രതിനിധികൾ പങ്കെടുത്തില്ല.