പറവൂർ : വർഷങ്ങളുടെ ഭാഗ്യപരീക്ഷണങ്ങൾക്കു ശേഷം മോഹനന്റെ കൈകളിൽ ഒന്നാം സമ്മാന ലോട്ടറി ടിക്കറ്റ് എത്തി. കേരള ഭാഗ്യക്കുറി നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം തെങ്ങുകയറ്റ തൊഴിലാളി ചിറ്റാറ്റുകര തൈവയ്പ്പിൽ മോഹനന് (50) ലഭിച്ചു.
പതിവായി ലോട്ടറിയെടുക്കുന്ന മോഹനന് മുമ്പ് അയ്യായിരം രൂപ വരെ കിട്ടിയിട്ടുണ്ട്. ചിറ്റാറ്റുകരയിലെ ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിലാണ് ഒന്നാം സമ്മാനം.
കടങ്ങൾ വീട്ടണമെന്നും ഇളയ മകളുടെ വിവാഹം നടത്തണമെന്നുമാണ് ആഗ്രഹമെന്നു മോഹനൻ പറഞ്ഞു. ഭാര്യ ഷീലയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. ഒരു മകളെ വിവാഹം ചെയ്തയച്ചു.
വർഷങ്ങൾക്കു മുമ്പ് ഷീലയുടെ ദേഹത്ത് ചൊറിച്ചിൽ മാറ്രാൻ ഗുളിക കഴിച്ചതിന്റെ പാർശ്വഫലമായി ശരീരത്തിൽ നിന്നും തൊലി പൂർണമായി പോയി. ചികിത്സക്കായി 15 ലക്ഷം രൂപയോളം ചെലവായി. മാസംതോറും മരുന്നിന് മാത്രം 6,000 രൂപ വേണമെന്നു മോഹനൻ പറഞ്ഞു. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് യൂണിയൻ ബാങ്ക് പറവൂർ ശാഖയിൽ ഏൽപ്പിച്ചു.