പള്ളുരുത്തി: കുമ്പളങ്ങിയിൽ ഗ്രാമീണ കാഴ്ചകൾ ഒരുക്കി വിദ്യാർത്ഥികളും അദ്ധ്യാപകരും. സെന്റ് പീറ്റേഴ്സ് സ്കൂളിലാണ് ഗ്രാമത്തിന്റെ തനത് ഭംഗിയെ വിളിച്ചോതിയ കാഴ്ചകൾ ഒരുക്കിയത്. പഴയ കാലത്ത് ജനങ്ങൾ ഉപയോഗിച്ചിരുന്ന കുട്ട,ചട്ടി, മുറം, കലപ്പ, പറ, നാഴി, ഉറി, ചെമ്പ് പാത്രം, ഇരുമ്പ് പാത്രം നാടൻ ഭക്ഷണങ്ങളായ കുടൽകറിയും ചിരട്ട പുട്ടും, ഇലയട, കൊഴുക്കട്ട, ചെമ്മീൻ വിഭവങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയും കൂടാതെ ചീനവല, പലതരം മറ്റു വലകൾ, കാർഷിക ഉല്പന്നങ്ങൾ എന്നിവയും ഒരുക്കിയിരുന്നു.എന്റെ ഗ്രാമം എന്ന പേര് നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്. പൂർവ വിദ്യാർത്ഥികൾ, പി.ടി.എ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രദർശനം കാണാൻ നിരവധി വിദേശികളും എത്തിയിരുന്നു. പഴയ കാല ഉപകരണങ്ങളും ചീനവലകളും ഭക്ഷണ പദാർത്ഥങ്ങളും വളരെ കൗതുകത്തോടെയാണ് വിദേശികൾ വീക്ഷിച്ചത്. എന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ സി.ജെ.സേവ്യർ അദ്ധ്യാപകൻ ജോൺ ജൂഡ് എന്നിവർ പറഞ്ഞു. മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്, മുൻ മേയർ ടോണി ചമ്മിണി, എം.പി.ശിവദത്തൻ എന്നിവരും എത്തിയിരുന്നു. രാവിലെ തുടങ്ങിയ പ്രദർശനം വൈകിട്ട് വരെ തുടർന്നു. അന്യം നിന്നുപോയ വസ്തുക്കളും ഭക്ഷണങ്ങളും മറ്റും പുതുതലമുറക്ക് പരിചയപ്പെടുത്തലുകൂടിയായി പ്രദർശനം.