കൊച്ചി സംസ്ഥാനത്തെ കലാലയങ്ങളിൽ സർവകലാശാലകളോട് കിടപിടിക്കുന്ന ഗവേഷണ മികവുമായി എറണാകുളം മഹാരാജാസ് കോളേജ്. അംഗീകൃത ഗവേഷണ കേന്ദ്രമെന്ന പദവി ലഭിച്ചതിന് ശേഷം ചുരുങ്ങിയ കാലയളവിനുള്ളിൽ മഹാരാജാസിലെ 17 വകുപ്പുകളിലായി പൂർത്തീകരിച്ചത് 130 ഗവേഷണങ്ങൾ. ഈ വർഷം ജനുവരി ഒന്നിന് ഗവേഷണത്തിനായി 90 വിദ്യാർത്ഥികൾ മഹാരാജാസിൽ ചേർന്നു.

മഹാരാജാസ് കേന്ദ്രമായി 93 അദ്ധ്യാപകർ ഗവേഷണ ഗൈഡുമാരായി. ഇതിൽ 42 പേർ മഹാത്മഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോളേജുകളിലെ അധ്യാപകരാണ്. 139 വിദ്യാർത്ഥികളാണ് നിലവിൽ മഹാരാജാസിൽ ഗവേഷണം തുടരുന്നത്. കോളേജ് സ്ഥാപിച്ച് 150 വർഷമാകുന്ന 2025നകം ഗവേഷണരംഗത്ത് സംസ്ഥാനത്തെ സുപ്രധാന കേന്ദ്രമാക്കി മഹാരാജാസിനെ ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഗവേണിംഗ് കൗൺസിൽ ചെയർമാൻ പ്രൊഫ. പി.കെ. രവീന്ദ്രൻ പറഞ്ഞു.

ഗവേഷകരും വിദേശ സർവകലാശാലകളുമായുള്ള വിനിമയപരിപാടിക്കും താമസിയാതെ തുടക്കമിടും. റൂസ ഫണ്ടിൽ നിന്നും ലഭിച്ച അഞ്ചു കോടി രൂപയിൽ ഇതിനായി വിഹിതം നീക്കിവയ്ക്കും. മൂന്ന് നിലകളുള്ള ലൈബ്രറി കെട്ടിടം ഏപ്രിലിൽ പൂർത്തിയാകും. സെൻട്രൽ ഇൻസ്ട്രുമെൻറേഷൻ ഫസിലിറ്റി, മോഡുലർ റിസർച്ച് ലാബും മഹാരാജാസിലുണ്ട്.