കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി എറണാകുളം പ്രത്യേക സി.ബി.ഐ കോടതി തള്ളി. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് വിചാരണക്കോടതി ഹർജി തള്ളിയത്.
പത്താം പ്രതി ഇടപ്പള്ളി സ്വദേശി വിഷ്ണു നൽകിയ വിടുതൽ ഹർജിയും തള്ളി. ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ 10 ദിവസത്തേക്ക് വിചാരണ മാറ്റിവയ്ക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കോടതി നിരസിച്ചത്.
ഇന്നലെയും ദിലീപ് ഹാജരായില്ല. അവധി അപേക്ഷ നൽകിയിരുന്നു. തുടർച്ചയായി ദിലീപ് ഹാജരാകാതിരിക്കുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ജനുവരി ആറിന് (തിങ്കൾ) കുറ്റം ചുമത്തുന്ന നടപടികൾക്കായി എല്ലാ പ്രതികളും ഹാജരാകണമെന്നു കോടതി നിർദ്ദേശിച്ചു. ഒന്നാം പ്രതി പൾസർ സുനിയെയും ഇന്നലെ ഹാജരാക്കിയിരുന്നില്ല. മറ്റു പ്രതികളെല്ലാം എത്തി.
ദിലീപ് ഹൈക്കോടതിയിലേക്ക്
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന ഹർജി വിചാരണക്കോടതി തള്ളിയതിനെതിരെ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഹർജി നൽകുമെന്നാണ് സൂചന.
സുപ്രീം കോടതി അനുമതി നൽകിയതനുസരിച്ച് സാങ്കേതിക വിദഗ്ദ്ധന്റെ സഹായത്തോടെ ദിലീപ് കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിൽ അപാകതകളുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. ഹർജിയിൽ ഇരയ്ക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചതിനാൽ അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്.