കോലഞ്ചേരി: വീടെന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചവരുടെ അപൂർവ സംഗമ വേദിയായി ലൈഫ് മിഷൻ കുടുംബ സംഗമം. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലൂടെ വടവുകോട് ബ്ലോക്ക് പരിധിയിൽ വീട് യാഥാർത്ഥ്യമാക്കിയവരുടെ കോലഞ്ചേരിയിൽ നടന്ന സംഗമമാണ് ശ്രദ്ധേയമായത്. ബ്ലോക്ക് പരിധിയിൽ 6 പഞ്ചായത്തുകളിലായി 251 ഗുണഭോക്താക്കളാണ് പദ്ധതിയിലൂടെ വീട് യഥാർത്ഥ്യമാക്കിയത്. ഐക്കരനാട് 20, പൂതൃക്ക 27, കൂന്നത്തുനാട് 77, മഴുവന്നൂർ 78, തിരുവാണിയൂർ21, പുത്തൻകുരിശ് 28 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള കണക്ക്. തദ്ദേശ സ്വയം ഭരണം, സിവിൽ സപ്ലൈസ് കൃഷി, സാമൂഹ്യ നീതി, കുടുംബശ്രീ, ഐ.ടി, ഫിഷറീസ്, തൊഴിലുറപ്പ്, വ്യവസായം, പട്ടിക ജാതിവർഗ്ഗം തുടങ്ങി 18 സർക്കാർ വകുപ്പുകളാണ് സംഗമത്തിലെത്തിയവർക്ക് വിവിധ സേവനങ്ങൾ നൽകിയത്.