പെരുമ്പാവൂർ: ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ വെട്ടിമുറിക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്ന ബി.ജെ.പി സർക്കാരിന്റെ തെറ്റായ നിലപാടുകൾ തിരുത്തിക്കുന്നതിന് വേണ്ടിയുള്ള സമരത്തിലൂടെ രാജ്യത്തെ വീണ്ടെടുക്കാനുള്ള ശക്തമായ പോരാട്ടമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ ഇല്ലാതാക്കാനുള്ള ഗൂഢമായ ശ്രമമാണ്. ഇത് ഒരു കാരണവശാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുവദിക്കില്ല. പൗരത്യദേദഗതി നിയമത്തിനെതിരെയുള്ള സമരവുമായി ഏതറ്റം വരെയും കോൺഗ്രസ് മുന്നോട്ട് പോകുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. പൗരത്യ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് ജനപ്രതിനിധികളായ ബെന്നി ബഹനാൻ എം പി, എംഎൽഎമാരായ വി പി സജീന്ദൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി ജോൺ എന്നിവരുടെ നേത്യത്വത്തിലുള്ള ജനകീയ യാത്ര പെരുമ്പാവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പെരുമ്പാവൂർ സുഭാഷ് മൈതാനിയിൽ നടന്ന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ പി പി തങ്കച്ചൻ, ടി എച്ച് മുസ്തഫ, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ്, യു ഡി എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ, മുൻ മന്ത്രി കെ ബാബു, കെ പി ധനപാലൻ, എൻ വേണുഗോപാൽ, അജയ് തറയിൽ, പി ജെ ജോയി, എം എ ചന്ദ്രശേഖരൻ, ടി യു രാധാകൃഷ്ണൻ, കെ പി സി സി സെക്രട്ടറിമാരായ ടി എം സക്കീർ ഹുസൈൻ ബി എ അബ്ദുൽ മുത്തലിബ്, ജെയ്‌സൻ ജോസഫ്, ഘടകകക്ഷി നേതാക്കളായ ബാബു ജോസഫ്, എൻ വി സി അഹമ്മദ് എന്നിവർ പ്രസംഗിച്ചു.