പ്രകമ്പനം അളക്കാൻ ആക്‌സിലറോമീറ്ററുകൾ
കൊച്ചി: പൊളിച്ചുമാറ്റേണ്ട മരട് ഫ്ലാറ്റുകൾ നിൽക്കുന്ന സ്ഥലം ചെന്നൈ ഐ.ഐ.ടി സംഘം സന്ദർശിച്ചു.
സ്‌ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തിന്റെ തോത് കണ്ടെത്തുകയാണ് ലക്ഷ്യം. ഫ്ലാറ്റുകൾക്ക് ചുറ്റിനും 10 സ്ഥലങ്ങളിൽ ആക്‌സിലറോമീറ്ററുകൾ സ്ഥാപിക്കും. കെട്ടിടങ്ങളുടെ കാലപ്പഴക്കം, നിർമ്മാണ രീതി, മണ്ണിന്റെ ഘടന എന്നിവയെ ആശ്രയിച്ചാണ് സമീപത്തെ കെട്ടിടങ്ങൾക്ക് ആഘാതം ഉണ്ടാകുക. സമീപത്തെ വീടുകൾക്ക് സ്ഫോടനത്തിൽ എത്രമാത്രം കേടുപാട് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ഐ.ഐ.ടി സിവിൽ എൻജിനീയറിംഗ് വിഭാഗം തലവൻ പ്രൊഫ. എ ഭൂമിനാഥൻ പറഞ്ഞു.
ചെന്നൈ ഐ.ഐ.ടിയിൽ നിന്നുള്ള സീനിയർ പ്രോജക്ട് ഓഫീസർ ഡോ. ജെ എസ് ധന്യ, അസോസിയേഷൻ ഒഫ് സ്ട്രക്ചറൽ ആൻഡ് ജിയോടെക്‌നിക്കൽ കൺസൽറ്റിംഗ് എൻജിനീയേഴ്‌സ് ഭാരവാഹികളായ റെജി സക്കറിയ, ഡോ. അനിൽ ജോസഫ് തുടങ്ങിയവരും സംഘത്തിൽ ഉണ്ട്.