കൊച്ചി: മരടിൽ ആദ്യം പൊളിക്കുന്ന ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റിൽ ആദ്യഘട്ട സ്ഫോടക വസ്തുക്കൾ നിറച്ചു. അങ്കമാലി മഞ്ഞപ്രയിലെ സംഭരണശാലയിൽ നിന്ന് സ്ഫോടക വസ്തുക്കൾ ഇന്നലെ രാവിലെ ആറുമണിയോടെയാണ് അതീവ സുരക്ഷയിൽ മരടിൽ എത്തിച്ചത്.
അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷെൻ സ്‌ഫോടക വസ്തുക്കളാണിത്. ഫ്ലാറ്റിലെ തൂണുകളിൽ ഉണ്ടാക്കിയ 1471 ദ്വാരങ്ങളിൽ രണ്ടു ദിവസങ്ങളിലായി 215 കിലോ സ്ഫോടക വസ്തുക്കളാണ് നിറയ്ക്കുക. ഇന്നലെ 765 ദ്വാരങ്ങളിൽ നിറച്ചു. ജില്ലാ മജിസ്ട്രേറ്റിന്റെ അന്തിമ അനുമതി ലഭിക്കാൻ വൈകിയതിനാൽ ഒരു ദിവസം വൈകിയാണ് സ്ഫോടക വസ്തുക്കൾ നിറയ്ക്കാൻ തുടങ്ങിയത്. കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.