തൃക്കാക്കര: അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വമുറപ്പാക്കുന്നതിനായി സംസ്ഥാന തൊഴിൽവകുപ്പ് നടപ്പിലാക്കുന്ന ആവാസ് പദ്ധതിയിൽ അഞ്ച് ലക്ഷം തൊഴിലാളികൾക്ക് അംഗത്വം നൽകി. അതിഥി തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്ന ആവാസ് പദ്ധതിയിൽ ഇതുവരെ എറണാകുളം ജില്ലയിൽ 108629 തൊഴിലാളികൾക്കാണ് അംഗത്വം നൽകിയത്. സംസ്ഥാനതലത്തിൽ ഏറ്റവുമധികം അംഗങ്ങളെ ചേർത്തത് എറണാകുളം ജില്ലയാണ്. ജില്ലയിൽ ആവാസ് പദ്ധതിയിൽ അംഗങ്ങളായവരിൽ 98966 പുരുഷന്മാരും 9634 സ്ത്രീകളും 29 ട്രാൻസ് ജെണ്ടേഴ്‌സും ഉൾപ്പെടുന്നു.
ജില്ലയിൽ ഏറ്റവുമധികം അതിഥി തൊഴിലാളികളുള്ള പെരുമ്പാവൂരിൽ ആവാസ് പദ്ധതിക്കായി പ്രത്യേക സഹായ കേന്ദ്രം തൊഴിൽ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകളുള്ള അതിഥി തൊഴിലാളികളെയാണ് പദ്ധതിയിൽ അംഗങ്ങളാക്കുന്നത്. തൊഴിൽ സുരക്ഷിതത്വവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയിൽ തൊഴിലാളിക്ക് സർക്കാർ ആശുപത്രിയിൽ 25000 രൂപവരെയുള്ള സൗജന്യ ചികിത്സയും അപകടമരണം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നു.