ആലുവ: മുപ്പത്തടം പഞ്ചായത്ത് ഓഫീസിനടുത്ത് പൊതുമരാമത്ത് റോഡിൽ നിരന്തരമായുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരും കച്ചവടക്കാരും റോഡ് ഉപരോധിച്ചു. വാട്ടർ അതോറിറ്റിയിൽ നിന്ന് ടാങ്ക് വൃത്തിയാക്കുന്ന വെള്ളം എല്ലാദിവസവും രാവിലെയും വൈകിട്ടും റോഡിലേക്ക് ഒഴുക്കിവിടുകയാണെന്ന് സമരക്കാർ ആരോപിച്ചു. വഴിയാത്രക്കാരും ഇരുചക്രവാഹനങ്ങളും കച്ചവടക്കാരുമെല്ലാം ദുരിതമനുഭവിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിട്ടി അധികാരികൾ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തുമ്പോൾ പരസ്പരം പഴിചാരുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് പൊതുമരാമത്ത് റോഡിൽ കുണ്ടും കുഴിയുമുള്ള ഭാഗം ടാറിംഗ് നടത്താനും കഴിയുന്നില്ലെന്ന് സമരക്കാർ പറഞ്ഞു.
ബിനാനിപുരം പൊലീസെത്തി സമരക്കാരെ നീക്കം ചെയ്തു. തിങ്കളാഴ്ച പരിഹാരം ഉണ്ടാക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയതായും സമരക്കാർ പറഞ്ഞു. സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. നാസർ എടയാർ,കെ.ജെ. ജോണി, സഞ്ചു വർഗീസ്, ഐ.വി. ദാസൻ, ദീപുമോൻ, ആകാശ് ആലുങ്കൽ, പി.കെ. സുനീർ എന്നിവർ സംസാരിച്ചു.