കൊച്ചി : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ നേപ്പാൾ സ്വദേശിയായും ചേരാനെല്ലൂരിലെ ഒരു പന്നി ഫാമിലെ തൊഴിലാളിയുമായ പിതാവിന് എറണാകുളത്തെ പോക്സോ കോടതി 30 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 34 കാരനായ പ്രതിക്കെതിരെ മൂന്നു വകുപ്പുകളിലായി പത്ത് വർഷം വീതം തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒാരോ വകുപ്പിനുമുള്ള ശിക്ഷ പ്രതി പ്രത്യേകം അനുഭവിക്കണമെന്ന് വിധിയിൽ പറയുന്നു. മകളുടെ മാനം കാക്കാൻ ബാദ്ധ്യതയുള്ള പിതാവ് തന്നെ പീഡിപ്പിച്ചെന്ന ദാരുണ സംഭവം കണക്കിലെടുത്താണ് പ്രതിക്ക് കടുത്ത ശിക്ഷ നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
2017 ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് ഇയാൾ മകളെ പീഡിപ്പിച്ചത്. നേപ്പാളിൽ നിന്ന് ഭാര്യക്കും അഞ്ച് പെൺമക്കൾക്കുമൊപ്പം കേരളത്തിലെത്തിയ ഇയാൾ പന്നിഫാമിനടുത്ത് വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഒറ്റപ്പെട്ട നിലയിലുള്ള പന്നി ഫാമിലേക്കും ഇവരുടെ വാടക വീട്ടിലേക്കും വഞ്ചിയിൽ മാത്രമേ എത്താനാവൂ. ഇതിനാൽ പീഡന വിവരം പുറം ലോകം അറിഞ്ഞിരുന്നില്ല. വരാപ്പുഴയിലെ ഒരു സ്കൂളിൽ പഠിച്ചിരുന്ന കുട്ടി ക്ളാസിൽ വരാതായതോടെ അദ്ധ്യാപകരും ആശ വർക്കർമാരും നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തെത്തുടർന്ന് നാലു മക്കളെ ശരണാലയത്തിലാക്കിയശേഷം അമ്മ ഇളയ കുട്ടിയുമായി നാടു വിട്ടിരുന്നു. നേപ്പാൾ സ്വദേശിനിയായ ഇവരെക്കുറിച്ചു വിവരമൊന്നുമില്ല. പിതാവിനു പുറമേ പന്നി ഫാം ഉടമയുടെ വളർത്തു മകൻ രാജുവും കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇയാൾക്കെതിരെയുള്ള കേസിൽ വിചാരണ പൂർത്തിയായിട്ടില്ല. കാണാൻ വന്ന അദ്ധ്യാപകരോടു പെൺകുട്ടി വിവരം പറഞ്ഞതിനെത്തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.