കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിലംപൊത്താൻ ഇനി ആറുനാൾ മാത്രം. പൊളിക്കുന്ന 11, 12 തീയതികളിൽ ഫ്ലാറ്റുകൾക്ക് ചുറ്റും 200 മീറ്റർ ചുറ്റളവിൽ 144 പ്രഖ്യാപിക്കും. 11ന് രാവിലെ 9ന് നിലവിൽ വരുന്ന നിരോധനാജ്ഞ അന്നന്ന് സുരക്ഷാ പരിശോധന പൂർത്തിയാകും വരെ നിലനിൽക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.
കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള 290 വീടുകളിലെ രണ്ടായിരത്തോളം ആളുകളെ അന്ന് ഒഴിപ്പിക്കും. പ്രായമായവർക്കും രോഗികൾക്കും ആശുപത്രി, പാലിയേറ്റിവ് കെയർ സൗകര്യം ഒരുക്കും. അഞ്ഞൂറ് പൊലീസുകാർക്ക് പുറമെ മറൈൻ പൊലീസും ഗ്യാസ് സ്ക്വാഡും മരടിൽ നിലയുറപ്പിക്കും.
11ന് ഹോളിഫെയ്ത്ത് ഫ്ലാറ്റ് തന്നെ ആദ്യം പൊളിക്കാനുള്ള സാങ്കേതിക സമിതിയുടെ തീരുമാനം ഇന്നലെ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലും ഉറപ്പിച്ചു. പരിസരത്തെ വീടുകൾക്ക് നാശനഷ്ടമുണ്ടായാൽ വിപണിമൂല്യം അനുസരിച്ച് പരിഹരിക്കും.
സൈറൺ മുഴങ്ങും
ഫ്ലാറ്റ് പൊളിക്കുന്ന ദിവസങ്ങളിൽ നാല് സൈറൺ വീതം മുഴക്കും. സ്ഫോടനത്തിന് അരമണിക്കൂർ മുമ്പ് ഒരു മിനിട്ട് നീളുന്ന മുന്നറിയിപ്പ് സൈറൺ ആദ്യം. അഞ്ച് മിനിട്ട് മുമ്പ് ഗതാഗതം നിറുത്താൻ ഒരു മിനിട്ട് സൈറൺ. ഒരു മിനിട്ട് മുമ്പത്തെ സൈറൺ സ്ഫോടനം തീരും വരെയുണ്ടാകും. സ്ഫോടനം നടന്ന് രണ്ട് മിനിട്ടിന് ശേഷം 30 സെക്കന്റ് സൈറൺ ഫയർ ടെക്നീഷ്യൻ എൻജിനിയർമാർക്കായാണ്.
കാണികൾക്ക് പ്രത്യേകയിടം
സ്ഫോടനത്തിൽ ഫ്ലാറ്റ് പൊളിഞ്ഞുവീഴുന്നത് കാണാൻ എത്തുന്നവർക്ക് പ്രത്യേക സൗകര്യം ഒരുക്കും. സൗകര്യപ്രദമായ സ്ഥലം കണ്ടെത്തിയ ശേഷം അറിയിക്കും.
പൊളിക്കുന്ന സമയം
11ന് : രാവിലെ 11.00 ഹോളിഫെയ്ത്ത്, 11.30 ആൽഫാ സെറീൻ
12ന് : രാവിലെ 11.30 ജെയിൻ, ഉച്ചയ്ക്ക് 02.30 ഗോൾഡൻ കായലോരം