കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച മരടിൽ പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മോക്ഡ്രിൽ നടത്തും. ഫ്ലാറ്റ് പൊളിക്കുന്ന ജനുവരി 11, 12 തീയതികളിൽ കൺട്രോൾ റൂമുകളും തുറക്കും.

കൺട്രോൾ റൂമുകൾ

ആദ്യ ദിനം പൊളിക്കുന്ന ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകൾക്കായി മരട് മുൻസിപ്പാലിറ്റി ഓഫീസിലാണ് കൺട്രോൾ റൂം.

രണ്ടാംദിനത്തിൽ പൊളിക്കുന്ന ജെയിൻ ഹൗസിനായി അതിന് എതിർവശം പ്രവർത്തിക്കുന്ന ദേശായി ഹോംസിന്റെ ഫ്ലാറ്റിലും ഗോൾഡൻ കായലോരത്തിനായി അതിന് സമീപത്തെ പണിത് കൊണ്ടിരിക്കുന്ന എം.പി.എസിന്റെ ഫ്ളാറ്റിലുമാണ് കൺട്രോൾ റൂം.

ആദ്യ പ്രവേശനം കമ്പനികൾക്ക്

സ്ഫോടനം നടന്നതിന് ശേഷമുള്ള സൈറൺ മുഴങ്ങിയാൽ സ്ഫോടനത്തിന് കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി ഉദ്യോഗസ്ഥർക്കാണ് ആദ്യപ്രവേശനം. അവർക്ക് പിന്നാലെ ഫയർഫോഴ്സ്,​ പി.ഡബ്ള്യു.ഡി,​ സാങ്കേതിക വിദഗ്ദ്ധ സമിതി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് പ്രവേശിക്കാനാകും.

സ്ഫോടനം നടന്നശേഷം രൂപപ്പെടുന്ന പൊടിപടലം വെള്ളം ചീറ്റിച്ച് ഇല്ലാതാക്കുകയാണ് ഫയർഫോഴ്സിന്റെ ജോലി. സമീപത്തെ വീടുകളിൽ സാങ്കേതിക സമിതി സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തും. ഇവരുടെ റിപ്പോർട്ടിന് ശേഷം മാത്രമേ നിരോധനാജ്ഞ നീങ്ങുകയുള്ളൂ.