കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കുന്ന സമയക്രമത്തിൽ മാറ്റമില്ലെന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും തീരുമാനിച്ചതോടെ സമീപവാസികളുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. നെഞ്ചിൽ കനലുമായാണ് സമീപവാസിയായ കണിയാമ്പിള്ളിൽ വീട്ടിൽ അജിത്ത്. ആൽഫ സെറീൻ ഇരട്ടസമുച്ചയം ഫ്ളാറ്റിന് വെറും 12 മീറ്റർ അകലത്തിലാണ് അജിത്തിന്റെ വീട്. ആൾതാമസം കുറഞ്ഞ ഗോൾഡൻ കായലോരവും ജെയിൻ കോറൽകോവും പൊളിക്കണമെന്ന ആവശ്യവുമായി സമരത്തിലായിരുന്നു അജിത്ത് ഉൾപ്പെട്ട സമീപവാസികളുടെ സമരസമിതി. ആവശ്യം പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിലാണ് പട്ടിണിസമരത്തിൽ നിന്ന് ഇവർ പിന്മാറിയത്. ശേഷം ചേർന്ന യോഗത്തിലെല്ലാം സമയക്രമം മാറ്റേണ്ടതില്ല എന്ന തീരുമാനത്തിലായിരുന്നു സാങ്കേതിക വിദഗ്ധർ. മൂന്ന് മാസം നീണ്ടുനിന്ന വിശദമായ പഠനത്തിന് ശേഷമാണ് സമയക്രമം നിശ്ചയിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. ഇത്തരം പ്രദേശത്ത് ഇത്രവലിയ ഫ്ലാറ്റ് പൊളിച്ചുമാറ്റുകയെന്നത് ഇന്ത്യയിൽ തന്നെ ആദ്യത്തെ സംഭവമായത് കൊണ്ട് ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ഉദ്യോഗസ്ഥർ പറയുന്നു.