malinyam
പുത്തൻകുരിശ് വയമ്പാത്തുമല പെട്രോൾ പമ്പ് റോഡിലെ മാലിന്യ കൂമ്പാരം

കോലഞ്ചേരി: വഴി വക്കിൽ മാലിന്യം നിറഞ്ഞു, പുത്തൻകുരിശിലെ ചില റോഡുകളിൽ മൂക്കു പൊത്താതെ വഴി നടക്കാനാകില്ല. റോഡിനു നടുവിലാണ് മാലിന്യങ്ങൾ നിറയുന്നത്. പുത്തൻകുരിശ് വയമ്പാത്തുമല പെട്രോൾ പമ്പ് റോഡ്

, പുത്തൻകുരിശ് കരുമുഗൾ റോഡിലെ വയമ്പാത്തുമല പെട്രോൾ പമ്പിനോടടുക്കുന്ന ഭാഗത്ത് വൻ തോതിൽ മാലിന്യ നിക്ഷേപം.

റോഡരികിലാണ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നത്. അറവു മാലിന്യങ്ങൾ, ഹോട്ടലുകൾ, വിവിധ ബേക്കറികൾ, വീടുകളിൽ നിന്നും പ്ളാസ്റ്റിക് ചാക്കുകളിലും കിറ്റുകളിലുമാക്കിയാണ് മാലിന്യം റോഡരുകിൽ തള്ളുന്നത്. നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. മൂക്കുപൊത്താതെ ഈ വഴി പോകാൻ കഴിയില്ല. മാലിന്യങ്ങളിൽ ഈച്ചകൾ പൊതിഞ്ഞിരിപ്പാണ്. സമീപം നിരവധി വീടുകളുമുണ്ട്. ഹെൽമ​റ്റ് ധരിക്കാതെ ഈ വഴി ബൈക്ക് യാത്രയും അപകടമാണ്. മാലിന്യങ്ങൾ കൊത്തി വലിച്ചെറിയുന്ന കാക്കകൾ ഇരു ചക്ര വാഹന യാത്രികരെ കൊത്താനായി പറന്നെത്തുന്നതും പതിവാണ്. രാത്രിയായാൽ നായകളുടെ ശല്യവും.

പുത്തൻകുരിശ് മലേക്കുരിശ് റോഡിൽ

പുത്തൻകുരിശ് മലേക്കുരിശു റോഡിൽ എരുമത്താഴം തോടിനടുത്തായി റോഡ് സൈഡിൽ പ്ലാസ്​റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും കുന്നുകൂടി അസഹ്യമായ ദുർഗന്ധമാണ് വമിക്കുന്നത്. മലേക്കുരിശ് ദയറായിലേയ്ക്ക് പോകുന്ന വഴിയാണിത്. രാത്രിയുടെ മറവിലാണ് മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നത്. റോഡിനു ഒരുവശം പൂതൃക്ക പഞ്ചായത്തും മറുവശം തിരുവാണിയൂർ പഞ്ചായത്തുമാണ്.

പുത്തൻകുരിശ് യു.പി സ്കൂളിനു സമീപം

പുത്തൻകുരിശ് കാവുംതാഴം പള്ളി റോഡിലും മാലിന്യങ്ങൾ വ്യാപകമായി നിക്ഷേപിക്കുന്നുണ്ട്.

മാർക്കറ്റിനു സമീപം

പുത്തൻകുരിശ് മാർക്കറ്റിനു സമീപവും കിറ്റുകളിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. മാർക്കറ്റുകളിലേക്കെന്ന വ്യാജേന വരുന്നവർ ഇവിടെ മാലിന്യ കിറ്റുകൾ കൊണ്ടു വന്നിടുന്നത് പതിവാണ്.

കാമറകൾ സ്ഥാപിക്കും

മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, രാത്രിയിൽ മാലിന്യവുമായി എത്തുന്നവരെ കണ്ടെത്താൻ മേഖലയിൽ കാമറകൾ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി സ്വകാര്യ പങ്കാളിത്തം തേടുന്നുണ്ട്.

പി.കെ വേലായുധൻ, പ്രസിഡന്റ് പുത്തൻകുരിശ് പഞ്ചായത്ത്