കൊച്ചി: മാലിന്യ നിർമ്മാർജനത്തിന്റെ പാഠങ്ങൾ പകർന്ന് വിദ്യാർത്ഥികൾക്കായി ഫോർട്ടുകൊച്ചിയിൽ സംഘടിപ്പിച്ച മാസ് ഡെമോൺസ്‌ട്രേഷനിൽ പങ്കെടുത്തത് ആയിരത്തിലധികം പേർ. ഫോർട്ടുകൊച്ചി വെളി എഡ്വേർഡ് ഹൈസ്‌കൂൾ ഗ്രൗണ്ടായിരുന്നു വേദി. നവവത്സരാഘോഷങ്ങളിൽ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങൾ ശേഖരിച്ച ശേഷം അത് എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കുട്ടികൾക്ക് നേരിട്ട് മനസിലാക്കാനുള്ള അവസരമാണ് ഒരുക്കിയത്. കാർണിവൽ നടക്കുമ്പോഴും മാസ് ക്ലീനിംഗ് ഡ്രൈവിലും ശേഖരിച്ച മാലിന്യങ്ങൾ വേർതിരിക്കുന്നത് മുതൽ പ്രൊഡക്ടീവ് ആയ പുനരുപയോഗം വരെയുള്ള ഘട്ടങ്ങളെക്കുറിച്ചു വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവബോധം പകരാനാണ് പരിപാടി ഒരുക്കിയത്. വേർതിരിച്ച ടൺ കണക്കിനുള്ള മാലിന്യങ്ങൾ വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കാനായി കൊണ്ടുപോയി. പല കമ്പനികളിലേക്കാണ് ഇത് നൽകിയത്. മാലിന്യം ഒരുമിച്ച് ഡംപ് യാർഡുകളിൽ നിക്ഷേപിക്കുന്ന പഴയ സമ്പ്രദായം പൂർണമായും ഇല്ലാതാക്കി. 40 ടൺ മാലിന്യങ്ങളാണ് നീക്കിയത്. ഇവ 13 വിഭാഗങ്ങളായി തിരിച്ചു. 11 വിഭാഗങ്ങൾ റീസൈക്ലിംഗിനായി നീക്കി. 2 വിഭാഗങ്ങൾ സിമന്റ് കമ്പനികളിലേക്കാണ് കൊണ്ടുപോയത്.