കൊച്ചി : യുവ നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ വിചാരണക്കോടതി ഇന്ന് കുറ്റം ചുമത്തും. കേസിലെ മുഴുവൻ പ്രതികളും ഇതിനായി ഇന്ന് ഹാജരാകാൻ എറണാകുളം സി.ബി.ഐ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പൾസർ സുനി എന്ന സുനിൽകുമാർ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വിജീഷ്, വടിവാൾ സലിം എന്ന സലിം, പ്രദീപ്, ചാർലി തോമസ്, നടൻ ദിലീപ്, മേസ്തിരി സനിൽ എന്ന സനിൽ, വിഷ്ണു എന്നിവരാണ് കേസിൽ വിചാരണ നേരിടുന്നത്. കുറ്റം ചുമത്തുന്ന നടപടിക്കു ശേഷം വിസ്തരിക്കാനുള്ള സാക്ഷികളുടെ പട്ടികയും തീയതിയും നിശ്ചയിച്ച് കോടതി സമൻസ് നൽകും.
അതേസമയം, കുറ്റവിമുക്തനാക്കണമെന്ന ഹർജി വിചാരണക്കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് ദിലീപ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. അപ്പീൽ നൽകാൻ പത്ത് ദിവസത്തെ സമയം വേണമെന്നും ഇതിനായി വിചാരണ നടപടികൾ നീട്ടിവയ്ക്കണമെന്നും കഴിഞ്ഞ ദിവസം ദിലീപിന്റെ അഭിഭാഷൻ ആവശ്യപ്പെട്ടെങ്കിലും സി.ബി.ഐ കോടതി അനുവദിച്ചിരുന്നില്ല. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്.