പിറവം: നീർച്ചാലുകൾ ഉൾപ്പെടെ എണ്ണമറ്റ ജലസ്രോതസുകളും തണ്ണീർത്തടങ്ങളും കൊണ്ട് സമ്പന്നമായ പാമ്പാക്കുട ഗ്രാമപഞ്ചായത്തിൽ അവയുടെ സംരക്ഷണത്തിനായി "ഇനി ഞാനൊഴുകട്ടെ " ജനകീയ ശുചീകരണ പദ്ധതിക്ക് തുടക്കമായി. ഹരിതകേരളം മിഷൻ മൂന്നാം വാർഷികത്തിന്റെ ഭാഗമായാണ് ഇനി ഞാനൊഴുകട്ടെ പദ്ധതി. നിർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിനായി 5, 6, 12 എന്നീ വാർഡുകളിൽ കൂടി കടന്നുപോകുന്ന അരുവിക്കൽ തോട് ശുചീകരണം നടത്തിയാണ് പദ്ധതിക്ക് പാമ്പാക്കുട കുതിപ്പേകിയത്.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓരോ നീർച്ചാൽ വീതം തിരഞ്ഞെടുത്ത് ശുചിയാക്കലാണ് പദ്ധതിയിലൂടെ ലക്ഷ്യം . ജലസേചന വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, തൊഴിലുറപ്പ്, കുടുംബശ്രീ, യുവജന-സന്നദ്ധ സംഘടനകൾ, എൻ.എസ്.എസ് യൂണിറ്റുകൾ, വിദ്യാർത്ഥികൾ തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പമ്പ് ജംഗ്ഷനിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ്ജ് നിർവഹിച്ചു. രാമമംഗലം എസ്.എെ കെ.കെ.ശശി ഇനി ഞാനൊഴുകട്ടെ എന്ന പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ചു. അരുവിക്കൽ തോടിന്റെ 2 കിലോ മീറ്ററോളം വരുന്ന ഭാഗം ചെളിയും കാടും മാലിന്യങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കി.
# തുടർ പ്രവർത്തനം നടത്തും
നീർച്ചാലുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് തുടർ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിൽ സമിതികൾ രൂപവൽക്കരിക്കും. ജലസംരക്ഷണത്തിനായി മറ്റ് പദ്ധതികളും നടപ്പാക്കും. നമ്മളൊന്നു മനസുവച്ചാൽ, മഴക്കാലത്ത് നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തും പെയ്തിറങ്ങുന്ന മഴ വെള്ളം പരമാവധി നേരത്തെ തന്നെ ചാലുകീറി, കുഴികുത്തി ഭൂമിയിലേക്കിറക്കിവിടാനുള്ള മഴക്കുഴികളോ ജലസംഭരണികളോ ഉണ്ടാക്കാം. മഴക്കാലത്ത് അധികമായി പെയ്തിറങ്ങുന്ന മഴവെള്ളം പറമ്പിലെ മഴക്കുഴികളിൽ ശേഖരിക്കുക വഴി മേഖലയിലെ കിണറുകൾ ജലസമൃദ്ധമാകും നമ്മുടെ ജലസുരക്ഷ ഉറപ്പിക്കുകയും ചെയ്യാം.
അമ്മിണി ജോർജ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്