flat-

കൊച്ചി: സുപ്രീംകോടതി ഉത്തരവനുസരിച്ച് മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റാൻ ഇനി അഞ്ച് നാൾ മാത്രം ബാക്കി. രാജ്യത്തുതന്നെ ഇത്തരത്തിലുള്ള ആദ്യസംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ് മരട്. ജനത്തിന്റെ ആശങ്ക അകറ്റാൻ ശക്തമായ സുരക്ഷാക്രമീകരണങ്ങളൊരുക്കുന്ന തിരക്കിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ.

സുരക്ഷാ ക്രമീകരണങ്ങളുടെ വിശദപദ്ധതി പൊലീസ് തയ്യാറാക്കി. സ്‌ഫോടനം നടത്തുന്ന പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കലിനും മറ്റും സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ മേൽനോട്ടം വഹിക്കും.

ഹോളിഫെയ്‌ത്ത് എച്ച്.ടു.ഒ ഫ്ലാറ്റിൽ എമൽഷൻ എക്സ്‌പ്ലോസീവ്സ് നിറച്ചു കഴിഞ്ഞു. ഇന്നലെ ജെയിൻ കോറൽകേവിൽ ഇവ നിറയ്ക്കാൻ ആരംഭിച്ചു. ആകെ 400 കിലോ സ്ഫോടകവസ്തുവാണ് ഉപയോഗിക്കുക. ബുധനാഴ്ച വരെ ജെയിനിൽ ഈ ജോലി തുടരും.

ആൽഫ സെറീൻ ഫ്ലാറ്റുകളിൽ ഇന്ന് ആരംഭിക്കും. എച്ച്.ടു.ഒ ഫ്ലാറ്റിന്റെയും ആൽഫ സെറീനിന്റെയും ബ്ലാസ്റ്റിംഗ് പോയിന്റുകൾ തീരുമാനമായി. ജില്ലാഭരണകൂടവും മരട് നഗരസഭയും ഇന്നലെ പുറത്തിറക്കിയ പട്ടികയിൽ ഹോളിഫെയ്‌ത്തും ആൽഫ സെറീനും അഞ്ച് മിനിട്ട് വ്യത്യാസത്തിൽ പൊളിക്കുമെന്ന് പറയുന്നു. ജനുവരി 11ന് രാവിലെ 11നും 11.30നും ഇവ രണ്ടും പൊളിക്കുമെന്നാണ് മുമ്പ് നിശ്ചയിച്ചിരുന്നത്. മരടിലെ ഫ്ലാറ്റുകൾക്ക് സമീപം താമസിക്കുന്നവർ വീടൊഴിഞ്ഞ് പോകുന്നത് തുടരുകയാണ്.

സുരക്ഷാക്രമീകരണങ്ങൾ

 സ്‌ഫോടന ദിവസം 200 മീറ്റർ ദൂരപരിധിയിൽ നിരോധനാജ്ഞ, വൈദ്യുതി നിയന്ത്രണം

 പൊളിക്കുന്ന ഓരോ ഫ്ലാറ്റിന്റെ സമീപത്തും 500 വീതം 2,000 പൊലീസുകാരെ വിന്യസിക്കും

 കാഴ്ചക്കാരെ 200 മീറ്ററിനപ്പുറം സുരക്ഷിതമായ പ്രദേശത്ത് ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കും

 കായലിലൂടെ കാഴ്ചക്കാർ വഞ്ചിയിൽ എത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസ്

 സ്‌ഫോടനത്തിന് 10 മിനിട്ട് മുമ്പ് വൈറ്റില- അരൂർ, പേട്ട-തേവര പാതകളിൽ ഗതാഗത നിയന്ത്രണം

 സ്‌ഫോടനത്തിനുശേഷം അനുമതി ലഭിച്ചാൽ ഗതാഗതം പുനരാരംഭിക്കും

 ആംബുലൻസ്, ഫയർഫോഴ്‌സ് എന്നിവയുടെ പൂർണ സേവനം,ഡ്രോണുകൾ അനുവദിക്കില്ല

'പരിസര വാസികൾക്കോ പ്രദേശത്തിനോ കേടുപാടുണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാ സുരക്ഷാ സംവിധാനങ്ങളും അന്നേ ദിവസം ഉറപ്പാക്കും. ഇത് ജനങ്ങളെ അറിയിക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ ബോധവത്കണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.'

-വിജയ് സാഖറെ

സിറ്റി പൊലിസ് കമ്മിഷണർ