പറവൂർ : വെസ്റ്റ് കൈതാരം ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബയൂണിറ്റിന്റെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് യൂണിറ്റ് ഗുരുമണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചു. സ്വാമി സച്ചിദാനന്ദ പ്രതിഷ്ഠാകർമ്മം നിർവഹിച്ചു. വൈദിക ചടങ്ങുകളും ഗുരുപൂജ, ഗണപതിഹവനം, പ്രാസാദ ശ്രുദ്ധിക്രിയകൾ എന്നിവയ്ക്കു ശേഷമായിരുന്നു പ്രതിഷ്ഠ. തുടർന്ന് കലശാഭിഷേകവും സമൂഹാർച്ചനയും നടന്നു. വിഗ്രഹ ശില്പി ബെന്നി പണിക്കർ, വിഗ്രഹസമർപ്പണം നടത്തിയ വലിയപുരയ്ക്കൽ മുരുകൻ എന്നിവരെ സ്വാമി സച്ചിദാനന്ദ ആദരിച്ചു. ഗുരുദേവന്റെ മഹാസമാധി എന്ന വിഷയത്തിൽ ധർമ്മ പ്രബോധനത്തിനുശേഷം മംഗളാരതി, സമർപ്പണം, ദീപാരാധനയോടെ സമാപിച്ചു.