കൊച്ചി: വിദ്യാലയങ്ങളിൽ പഠിക്കാൻ അവസരം ലഭിക്കാത്ത മുതിർന്ന പൗരന്മാർക്ക് പഠനാവസരം ഒരുക്കുന്ന മികവുത്സവത്തിന്റെ പരീക്ഷ എഴുതിയവരിലേറെയും സ്ത്രീകൾ. ജില്ലയിൽ 2,389 സ്ത്രീകളാണ് ഇന്നലെ പരീക്ഷ എഴുതിയത്. 435 പേർ പുരുഷന്മാർ മാത്രമാണ് പരീക്ഷ എഴുതിയത്.
എറണാകുളം ജില്ലയിൽ ആകെ 2,824 പേരാണ് പരീക്ഷയെഴുതിയത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയാണ് സാക്ഷരത പരീക്ഷയായ 'മികവുത്സവം' ഒരുക്കിയത്. എഴുതാനും വായിക്കാനും കഴിയുന്ന വിധത്തിലാണ് ഇവർക്ക് പരിശീലനം നൽകിയത്.
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ കോളനികൾ കേന്ദ്രീകരിച്ച് നടന്നുവരുന്ന 'കോളനിസാക്ഷരത' പദ്ധതി, പട്ടികജാതി കോളനികളിലെ നിരക്ഷരതാ നിർമ്മാർജന പദ്ധതിയായ 'നവചേതന' എന്നിവയിലെ പഠിതാക്കളും 'മികവുത്സവ'ത്തിൽ പങ്കെടുത്തു.
# നവചേതന എട്ടു കോളനികളിൽ
'നവചേതന' പദ്ധതി ജില്ലയിൽ തിരഞ്ഞെടുത്ത എട്ടു 8 കോളനികളിലാണ് പഠനം നടന്നുവന്നിരുന്നത്. നവചേതന പദ്ധതിയിൽ ചേർന്ന് പഠനം പൂർത്തിയാക്കിയ 22 പുരുഷന്മാരും139 സ്ത്രീകളും പരീക്ഷയിൽ പങ്കെടുത്തു.
# മുഴുവൻ പേരും എഴുതി
173 കോളനികളിലാണ് 'കോളനി സാക്ഷരത' പദ്ധതി നടന്നത്. പദ്ധതിയിൽ ഉൾപ്പെട്ട 2663 പേരും പരീക്ഷ എഴുതാനെത്തി. ഇവരിൽ 413 പേർ പുരുഷന്മാരാണ്. മാതൃഭാഷ, ഗണിതം, പൊതുവിജ്ഞാനം എന്നിവയായിരുന്നു പരീക്ഷകൾ.
# പ്രായം മറന്ന് കുട്ടി അയ്യപ്പൻ
മൂവാറ്റുപുഴ നഗരസഭയിലെ പതിനൊന്നാം വാർഡിലെ രണ്ടാർ കോളനിയിൽ പരീക്ഷയെഴുതിയ 85 വയസുകാരി കുട്ടി അയ്യപ്പൻ ആയിരുന്നു ഏറ്റവും പ്രായം കൂടിയ പഠിതാവ്.