കൊച്ചി : കടൽ വിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കി മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ഭക്ഷ്യമേള എറണാകുളത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിൽ ജനുവരി എട്ടിന് തുടങ്ങും. കടൽ മത്സ്യ വിഭവങ്ങൾക്കു പുറമേ കൃഷിയിടങ്ങളിൽ നിന്നുള്ള പിടയ്ക്കുന്ന മീനും അലങ്കാര മത്സ്യങ്ങളും മേളയിൽ ലഭ്യമാക്കും. മറൈൻ ബയോളജിക്കൽ അസോസിയേഷന്റെ രാജ്യാന്തര സിമ്പോസിയത്തിന്റെ ഭാഗമായാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.

നീരാളി വിഭവങ്ങളിൽ ബിരിയാണി, പുട്ട്, റോസ്റ്റ്, മൊമോ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ കല്ലുമ്മക്കായ നിറച്ചു പൊരിച്ചത്, ചെമ്മീൻ - കൂന്തൽ - ഞണ്ട് വിഭവങ്ങളും ജീവനുള്ള കടൽമുരിങ്ങയും മേളയിൽ ലഭിക്കും. നീരാളി വിഭവങ്ങളുടെ ഗുണമേന്മ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മേളയിൽ ഇതിന് പ്രാധാന്യമൊരുക്കിയിട്ടുണ്ട്.

അമിത രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നീരാളി വിഭവങ്ങൾക്ക് കഴിയുമെന്ന് സംഘാടകർ പറഞ്ഞു. ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്നുള്ള മീൻ വിഭവങ്ങളും ചൂര കൊണ്ടുള്ള ദ്വീപ് വിഭവങ്ങളും ഒരുക്കുന്നുണ്ട്. ഉച്ചക്ക് 12 മുതൽ രാത്രി എട്ടുവരെയാണ് മേള. പ്രവേശനം സൗജന്യം.