കൊച്ചി: വീടിന്റെ ഉൾത്തളങ്ങൾ അലങ്കരിക്കുന്ന ചെടികളെയും പൂക്കളെയും കണ്ടറിയാൻ പുഷ്പോത്സവത്തിൽ തിരക്ക്. പുഷ്പോത്സവം ഇന്നലെ നഗരവാസികൾ ആഘോഷമാക്കി.
മനോഹരമായി അലങ്കരിച്ച പൂന്തോട്ടവും സ്വന്തം വീടുകളിൽ പകർത്താവുന്ന പുതിയ ആശയങ്ങളും രീതികളും കാണാൻ എറണാകുളത്തപ്പൻ ഗ്രൗണ്ടിലേയ്ക്ക് ജനങ്ങളെത്തി.
ഇൻഡോർസെമി ഷെയ്ഡ് പ്ലാന്റ്‌സ് പവലിയനായിരുന്നു പ്രധാന ആകർഷണം. വലിയ വെളിച്ചം ആവശ്യമില്ലാത്ത ഇവയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
അഗ്ലോനിമ, ഫിലോഡെൻഡ്രോൺ, ബേർഡ്‌സ് നെസ്റ്റ് ഫ്രാൻ, സ്പാത്തിഫിലോ, ഫിംഗർ പാം തുടങ്ങി നിരവധി സെമി ഷെയ്ഡ് ചെടികൾ മേളയിലുണ്ട്. വീടിനകത്ത് പച്ചപ്പു നിലനിറുത്താൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ അറിവ് നൽകുന്നതാണ് പവലിയൻ.
മട്ടുപ്പാവിലും വീട്ടുമുറ്റത്തും പച്ചക്കറികൾക്കൊപ്പം മത്സ്യവും വളർത്തിയെടുക്കാവുന്ന അക്വപോണികസ് കൃഷി രീതിയുടെ മാതൃകയാണ് മറ്റൊരു ആകർഷണം. സർക്കാർ സ്ഥാപനമായ സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയാണ് (എം.പി.ഇ.ഡി.എ). അക്വപോണിക്‌സ് കൃഷിരീതി അവതരിപ്പിച്ചത്. സമുദ്ര വിഭവങ്ങളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളും സ്റ്റാളിൽ ലഭിക്കും.
പ്രദർശനം 12 വരെ തുടരും. 13ന് പ്രദർശന വസ്തുക്കളുടെ വില്പനയും നടക്കും.
മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്‌കൂൾ വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിൽ പ്രവേശനം ലഭിക്കും.
മത്സ്യ ഉത്പന്നങ്ങൾ കുടുംബശ്രീ സ്റ്റാളുകൾ, കോലപൂരി ചെരുപ്പുകൾ, തുണി സഞ്ചികൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയും മേളയിൽ ലഭിക്കും.