governor
GOVERNOR

കൊച്ചി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തോട് തനിക്ക് എതിർപ്പുണ്ടെങ്കിലും ഇതിന്റെ പേരിൽ സംസ്ഥാന സർക്കാരിനോട് ഏറ്റുമുട്ടാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമങ്ങളോടു പറഞ്ഞു.

സംസ്ഥാനത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള വിഷയത്തിൽ പ്രമേയം പാസാക്കാൻ നിയമസഭയുടെ വിലയേറിയ സമയവും പണവും ചെലവഴിക്കുന്നതിനോടു യോജിപ്പില്ല. പ്രമേയം പാസാക്കാൻ നിയമസഭ ചേരുന്നതിന് ജനങ്ങളുടെ പണമാണ് ചെലവഴിച്ചത്. ഇർഫാൻ ഹബീബിനെ പോലുള്ളവരുടെ അഭിപ്രായത്തിനനുസരിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പാർലമെന്റ് പാസാക്കിയ നിയമം ബാധകമാക്കരുതെന്നും കേന്ദ്ര സർക്കാരിനോടു സഹകരിക്കരുതെന്നും സംസ്ഥാന സർക്കാരിനെ ഉപദേശിച്ചത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസാണ്. സർക്കാരിനെ അവർ തെറ്റിദ്ധരിപ്പിക്കുകയാണ്.

രാഷ്ട്രപതിയുടെ പ്രതിനിധിയെന്ന നിലയിൽ ഭരണഘടനയ്ക്കും നിയമത്തിനും എതിരായ വിമർശനങ്ങളെ പ്രതിരോധിക്കാൻ ബാദ്ധ്യതയുണ്ട്. ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടിയാണ് ഗവർണർ നില കൊള്ളുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

പ്രതിഷേധങ്ങളെ

ഭയക്കുന്നില്ല

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള പരാമർശങ്ങളുടെ പേരിലുള്ള പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. സംസ്ഥാനത്തുടനീളം തന്നെ തടയണമെന്ന വിവിധ നേതാക്കളുടെ ആഹ്വാനങ്ങൾ വന്നശേഷം നിരന്തരം യാത്രയിലാണ് താൻ. ആരും തടയാൻ എത്തിയതായി തോന്നിയിട്ടില്ല. ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്നതിൽ നിന്ന് വിമർശനങ്ങൾക്ക് തന്നെ തടയാൻ കഴിയില്ല.

പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണത്തിലെ അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യത്തിൽ നിയമോപദേശം തേടിയിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു.