കോലഞ്ചേരി: നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം.കുമ്മനോട് ഗവ.സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുരുന്നുകളാണ് പൊതു സ്ഥാപനങ്ങൾ സന്ദർശിക്കുക എന്ന പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെത്തിയത്. ഹെഡ്മിസ്ട്രസ് എം.പി ജയ, അദ്ധ്യാപകരായ സിന്ധു രാജൻ, ടി.എം നെജീല,ബീമാ ബീവി,മോൾസി ബാബു തുടങ്ങിയവരുടെ കൈ പിടിച്ചെത്തിയ കുരുന്നുകളെ സി.ഐ വി.ടി ഷാജന്റെ നേതൃത്വത്തിൽ പൊലീസുദ്യോഗസ്ഥർ സ്വീകരിച്ചു. ലാത്തിയും, തോക്കും, പിസ്റ്റളും, കൈ വിലങ്ങും, ലോക്കപ്പുമെല്ലാം ആകാംക്ഷയോടെ കണ്ട കുരുന്നുകൾക്ക് ക്രമസമാധാന പാലനത്തെക്കുറിച്ച് അറിവുകൾ പകർന്നു നൽകി സി.ഐയും പൊലീസുകാരും അദ്ധ്യാപകരായി മാറി.