കൊച്ചി: തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെൻഷൻ നൽകുക, പൊതുമേഖലാ സ്വകാര്യവത്കരണം നിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ നാളെ ജനജീവിതം നിശ്ചലമാകും.

കഴിഞ്ഞ വർഷം സെപ്തംബർ 30 ന് ഡൽഹി പാർലെന്റ് സ്ട്രീറ്റിൽ ചേർന്ന ട്രേഡ് യൂണിയനുകളുടെ കൺവെൻഷനിലാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്. സംയുക്ത സമിതിയുമായി കേന്ദ്ര സർക്കാർ ചർച്ച ചെയ്യുകയോ ആവശ്യങ്ങൾ അംഗീകരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.

# ഇവർ പണിമുടക്കും

കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, റോഡ് - ഗതാഗത മേഖലയിലെ തൊഴിലാളികൾ, ബാങ്ക്, ഇൻഷ്വറൻസ്, വൈദ്യുതി ബോർഡ്, ബി.എസ്.എൻ.എൽ ജീവനക്കാർ, കർഷകർ, കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസ് ജീവനക്കാർ എന്നിവർ പണിമുടക്കും.

ഓട്ടോ- ടാക്‌സി ഡ്രൈവർമാരും പണിമുടക്കും. പെട്രോൾ, ഡീസൽ പമ്പുകൾ അടഞ്ഞുകിടക്കും. അദ്ധ്യാപകസംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സ്‌കൂളുകളും കോളജുകളും പ്രവർത്തിക്കില്ല. വ്യാപാരികൾ എെക്യദാർഡ്യം പ്രഖ്യാപിച്ചതിനാൽ വ്യാപാര സ്ഥാപനങ്ങളും പൂർണമായി അടഞ്ഞുകിടക്കും. ബി.പി.സി.എൽ, എഫ്.എ.സി.ടി, എച്ച്.എം.ടി, ഷിപ്പ് യാർഡ്, നഗരത്തിലെ മറ്റ് വ്യവസായ മേഖലകൾ എന്നിവ സ്തംഭിക്കും. സ്കൂൾ, കോളേജ് , യൂണിവേഴ്സിറ്റി പരീക്ഷകളും ഉണ്ടാവില്ല.

# ട്രെയിനുകൾ വൈകിയേക്കും

ചില ട്രെയിനുകൾ തടയും. പിക്കറ്റിംഗ് നടത്തി യാത്ര തുടരാൻ അനുവദിക്കുമെന്ന് തൊഴിലാളി നേതാക്കൾ അറിയിച്ചു. ട്രെയിൻ സർവീസുകൾ അവതാളത്തിലാവില്ല. ട്രെയിനുകൾ വൈകിയോടാൻ സാദ്ധ്യതയുണ്ട്.

# പണിമുടക്ക് ബാധിക്കില്ല

കുടിവെള്ളം, പാൽ, പത്രം എന്നിവയുടെ വിതരണം, ആശുപത്രി, ടൂറിസം എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും പണിമുടക്കിന് എെക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടനം, വിവാഹം എന്നിവയും തടസപ്പെടുത്തില്ല. ഇരുചക്ര വാഹനങ്ങൾ നിരത്തിലിറക്കാം. ദൂരെ സ്ഥലങ്ങളിൽ നിന്നും ആലുവ, എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ ട്രെയിൻ ഇറങ്ങുന്നവർക്ക് തുടർയാത്ര വിഷമകരമാകും.

# 25 കേന്ദ്രങ്ങളിൽ പ്രകടനം

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലയാണ് എറണാകുളം വൻകിട വ്യവസായ സ്ഥാപനങ്ങളെല്ലാം തന്നെ തകർച്ചയിലാണ്. ഒരു യൂണിയനിലും അംഗമല്ലാത്തവരും പണിമുടക്കിൽ പങ്കെടുക്കുന്നതുകൊണ്ട് ജില്ല പൂർണമായും നിശ്ചലമാകും. ജില്ലയിൽ 25 കേന്ദ്രങ്ങളിൽ പണിമുടക്കി തൊഴിലാളികൾ പ്രകടനം നടത്തും.

സി.കെ മണിശങ്കർ, ജനറൽ കൺവീനർ സംയുക്ത സമരസമിതി