കൊച്ചി: മരടിൽ ഫ്ളാറ്റ് പൊളിക്കുമ്പോൾ സമീപത്തുള്ള തങ്ങളുടെ ഫ്ളാറ്റിന് നാശനഷ്ടമുണ്ടാവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് 125 കോടി രൂപയുടെ ഇൻഷ്വറൻസ് പോളിസി എടുക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹീര കൺസ്ട്രക്ഷൻസ് കമ്പനി ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ന് പരിഗണിച്ചേക്കും.
നിയമവിരുദ്ധമായി നിർമ്മിച്ച ഗോൾഡൻ കായലോരം ഉൾപ്പെടെ നാലു ഫ്ളാറ്റുകൾ ജനുവരി 11,12 തീയതികളിലാണ് പൊളിക്കുന്നത്. ഇവയിൽ ഗോൾഡൻ കായലോരത്തിനു സമീപത്താണ് ഹർജിക്കാരുടെ ഹീര വിൻഡ് ഫെയർ എന്ന ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത്. ഇൗ ഫ്ളാറ്റിന്റെ നിർമ്മാണം പൂർത്തിയാക്കി ഫിനിഷിംഗ് ജോലികൾ നടന്നുവരികയാണെന്നും ഫ്ളാറ്റിലെ 95 അപ്പാർട്ട്മെന്റുകളിൽ 80 ശതമാനവും വിറ്റുകഴിഞ്ഞെന്നും ഹർജിയിൽ പറയുന്നു. ഗോൾഡൻ കായലോരം ഫ്ളാറ്റ് തകർക്കുമ്പോൾ തങ്ങളുടെ ഫ്ളാറ്റിന് നാശനഷ്ടമുണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് ഹർജിക്കാർ പറയുന്നു. 95 കോടി രൂപ ഫ്ളാറ്റ് നിർമ്മാണത്തിനായി ഇതുവരെ ചെലവിട്ടു. നിയമവിരുദ്ധമായി നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ സമീപത്തുള്ള കെട്ടിടങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പണം നൽകാൻ സർക്കാർ 50 കോടി രൂപയുടെ ഇൻഷ്വറൻസ് പോളിസി മാത്രമാണ് എടുത്തിട്ടുള്ളത്. ഇതു മതിയാവില്ല. ഹീരയുടെ ഫ്ളാറ്റിന് 125 കോടി രൂപയുടെ ഇൻഷ്വറൻസ് പോളിസി വേണമെന്നും ഇതിനുള്ള നിർദ്ദേശം സർക്കാരിന് നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. അനധികൃത ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ സമീപത്തുള്ള കെട്ടിടങ്ങളുടെ നാശനഷ്ടങ്ങളുണ്ടാവാനുള്ള സാദ്ധ്യത പരിശോധിക്കാൻ ഫോർട്ടുകൊച്ചി സബ് കളക്ടർ ഹർജിക്കാരുടെ ഫ്ളാറ്റിൽ എത്തിയിരുന്നെങ്കിലും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടിയെടുത്തില്ലെന്ന് ഹർജിയിൽ പറയുന്നു.