പെരുമ്പാവൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മുടിക്കൽ മേഖല മഹല്ല് ജമാഅത്ത് കോ-ഓർഡിനേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും ഭരണഘടന സംരക്ഷണ സദസും 10 ന് വെള്ളിയാഴ്ച നടക്കും. വൈകിട്ട് 4.30 ന് മഞ്ഞപ്പെട്ടിയിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി മുടിക്കൽ ജമാഅത്ത് അങ്കണത്തിൽ സമാപിക്കും. റിട്ട. ജസ്റ്റീസ് ബി. കെമാൽ പാഷ മുഖ്യപ്രഭാഷണം നടത്തും. പ്രതിഷേധ റാലിയുടെ പ്രചരണാർത്ഥം വ്യാഴാഴ്ച വൈകിട്ട് 4.30 ന് ഇരുചക്ര വാഹന വിളംബര ജാഥ മുടിക്കലിൽ നിന്ന് ആരംഭിക്കും. വാഴക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി തിരിച്ച് മുടിക്കലിൽ സമാപിക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമരപരമ്പരയുടെ ഭാഗമായിട്ടാണ് പ്രതിഷേധറാലി സംഘടിപ്പിക്കുന്നത്. എം.കെ ഹംസ ഹാജി, സി.എ മൂസ മൗലവി, എൻ.വി.സി അഹമ്മദ്, ടി.ബി ഹസ്സയിനാർ, ടി.എം ഷാഹുൽ ഹമീദ്, കെ.എ നൗഷാദ് മാസ്റ്റർ, മുജീബ് ഇലവുംകുടി, പി.ബി ഇബ്രാഹിംകുഞ്ഞ്, യു.എസ് റഹീം, പി.ബി.എ സലാം, പി.എം ഷുക്കൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.