kovind

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രക്കിടെ ഇന്നലെ കൊച്ചിയിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്‌മള സ്വീകരണം നൽകി. ഉച്ചയ്ക്ക് 2.05ന് പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിക്ക് നാവിക വിമാനത്താവളത്തിലാണ് സർക്കാർ ഔദ്യോഗിക വരവേല്പ് നൽകിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പത്‌നി രേഷ്‌മ ആരിഫ്, മന്ത്രി ജി. സുധാകരൻ, മേയർ സൗമിനി ജെയിൻ എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം റോഡുമാർഗം താജ് വിവാന്ത ഹോട്ടലിലേക്ക് പോയി. ഇന്ന് രാവിലെ 9.30ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് വിമാനമാർഗം പോകും. വ്യാഴാഴ്ച രാവിലെ 11.45ന് തിരിച്ചെത്തുന്ന രാഷ്ട്രപതി 12.05ന് ഡൽഹിയിലേക്ക് മടങ്ങും.

രാഷ്ട്രപതി കനിഞ്ഞു;

വിവാഹവേദി മാറില്ല

മുൻകൂട്ടി നിശ്ചയിച്ച വിവാഹം മുടങ്ങാതിരിക്കാൻ താജ് വിവാന്ത ഹോട്ടലിലെ അതീവ സുരക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒഴിവാക്കി. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വിദേശവനിത ആഷ്ലി ഹാളിന്റെ ട്വറ്ററിലെ അഭ്യർത്ഥന സ്വീകരിച്ചാണിത്. ഹോട്ടലിൽ ഇന്ന് നടക്കേണ്ട വിവാഹം രാഷ്ട്രപതിയുടെ താമസം മൂലം മറ്റൊരിടത്തേക്ക് മാറ്റേണ്ടിവരുമെന്ന ആശങ്കയാണ് അവർ പങ്കുവച്ചത്. പ്രോട്ടോക്കോൾ പ്രകാരമുള്ള അതീവസുരക്ഷ ഒഴിവാക്കി താജിൽ തന്നെ വിവാഹം നടത്തുന്നതിന് രാഷ്ട്രപതി അംഗീകാരം നൽകുകയായിരുന്നു.