ആലുവ: തർക്കത്തെ തുടർന്ന് വർഷങ്ങളായി അനിശ്ചിതത്വത്തിലായ തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡ് വികസനത്തിന് വീണ്ടും നടപടി. ഗതാഗതക്കുരുക്ക് രൂക്ഷമായ ഇവിടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ ജില്ലാ കളക്ടർ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.
ദേശീയപാതയിൽ ആലുവ തോട്ടക്കാട്ടുകര ജംഗ്ഷനിൽനിന്ന് കിഴക്കെ കടുങ്ങല്ലൂർ വരെയുള്ള റോഡാണ് വീതി കൂട്ടുന്നത്. ഭൂമി ഏറ്റെടുക്കാൻ പൊന്നുംവില പുതുക്കി നിശ്ചയിക്കാൻ നിർദ്ദേശം നൽകിയതായി ആലുവ എക്‌സിക്യൂുട്ടീവ് എൻജിനീയറുടെ ഓഫീസ് വിവരവകാശ പ്രകാരം നൽകിയ അപേക്ഷയിലാണ് അറിയിച്ചത്. വിവരാവകാശ പ്രവർത്തകൻ ഖാലിദ് മുണ്ടപ്പിള്ളി നൽകിയ അപേക്ഷയിലാണ് വിവരം ലഭിച്ചത്.
സർക്കാരിൽ നിന്ന് ഭരണാനുമതി കിട്ടിയാൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്.
വീതി കൂട്ടാനുള്ളത് രണ്ട് കിലോമീറ്റർ റോഡ്
ആലുവ നഗരസഭയിലും കടുങ്ങല്ലൂർ പഞ്ചായത്തിലുമായുള്ള രണ്ട് കിലോമീറ്റർ റോഡാണ് വീതി കൂട്ടാനായുള്ളത്. 2013 ൽ സർവേ ആരംഭിച്ചെങ്കിലും വീതികൂട്ടേണ്ട അളവിനെക്കുറിച്ച് തർക്കം ഉടലെടുത്തു. 10 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഭൂമി നഷ്ടപ്പെട്ടവരുടെയും സമീപവാസികളുടെയും കൂട്ടായ്മ അവശ്യപ്പെട്ടപ്പോൾ 15 മീറ്റർ വേണമെന്ന് എടയാർ മേഖലയിലുള്ളവർ ആവശ്യപ്പെട്ടു. ഇതിനായി രൂപീകരിച്ച ഉപസമിതിയും ഏഴ് മീറ്റർ വീതിയുള്ള റോഡ് 10 മീറ്റർ മതിയെന്നാണ് ശുപാർശ ചെയ്തത്. ആലുവ നഗരസഭ ചെയർമാൻ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്, ഭൂമി നഷ്ടപ്പെടുവരുടെ പ്രതിനിധി എന്നിവരടങ്ങുന്നതായിരുന്നു ഉപസമിതി. റോഡിന്റെ വീതി 10 മീറ്റർ എന്ന നിലയിൽ ഉടൻ തന്നെ സർവേ നടപടികൾ ആരംഭിക്കുന്നതിനും തീരുമാനിച്ചു. തോട്ടക്കാട്ടുകര മുതൽ പെരിക്കപ്പാലം വരെ 10 മീറ്റർ അളവ് അടിസ്ഥാനമാക്കി മാർക്ക് ചെയ്തു. എന്നാൽ ഒരു സംഘം ആളുകൾ 15 മീറ്റർ വീതി എന്ന ആവശ്യവുമായി പെരിക്കപ്പാലം മുതൽ കടുങ്ങല്ലൂർ വരെയും അളവ് തടസപ്പെടുത്തി.
15 മീറ്ററിൽ വികസനം വന്നാൽ 150 ഓളം വീടുകൾ പൂർണമായി ഇല്ലാതാവുകയും പലരുടെയും കച്ചവടസ്ഥാപനങ്ങൾ പൊളിച്ച് മാറ്റേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുമെന്നാണ് ഉപസമിതി ചൂണ്ടിക്കാട്ടിയത്. 11.25 മീറ്ററിൽ നിർമാണം നടത്താമെന്ന് ധാരണയായതിനെ തുടർന്ന് 2016 ൽ പൊതുമരാമത്ത് വകുപ്പ് സർവേ പൂർത്തിയാക്കി. തുടർ പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയായിരുന്നു.