തൃക്കാക്കര : കാക്കനാട് തുതിയൂരിൽ മൂന്ന് കിലോ കഞ്ചാവ് പിടികൂടിയ കേസിന്റെ അന്വേഷണം വ്യാപിപ്പിക്കുമെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു. പ്രതി ഒഡീഷ സ്വദേശി തപൻ കുമാർ ജെന (38 ) കഴിഞ്ഞ മൂന്ന് മാസം പലപ്പോഴായികാക്കനാട്ട് കഞ്ചാവുമായി വന്നിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മൊബൈൽ കോളുകൾ പരിശോധിച്ച് സ്ഥിരം ഇടപാടുകാരെ കണ്ടെത്താൻ ശ്രമിക്കുകയാണ് പൊലീസ്.
കഴിഞ്ഞ ദിവസം ഹിന്ദി സംസാരിക്കുന്ന ഒരാൾ കഞ്ചാവ് വിൽപ്പനയ്ക്കായി കാക്കനാട് തുതിയുർ ഭാഗത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് തൃക്കാക്കര എസ് .ഐ അബ്ദുൽ ജമാൽ,.അഡിഷണൽ എസ്.ഐ റോയ് കെ പുന്നൂസ്,സി.പി.ഓ മാരായ രഞ്ജിത്ത്,സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് കാക്കനാട് പാലച്ചുവട് , തുതിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് പിടിയിലായത്. തുതിയൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്ത്പൊലീസിനെ കണ്ട പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പിടികൂടുകയായിരുന്നു.ട്രോളി ബാഗിൽ നിന്നുംമൂന്ന് കിലോയോളം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.ഒഡീഷയിൽ നിന്നും കിലോയ്ക്ക് 400 രൂപ നിരക്കിൽ വാങ്ങിക്കൊണ്ടു വരുന്ന കഞ്ചാവ് കാക്കനാട് ഭാഗത്തുള്ള മൊത്ത വിൽപ്പനക്കാർക്ക് വില്പന നടത്തുകയാണ് പതിവ് .
ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥിരമായി യാത്ര ചെയ്യുന്ന ട്രെയിനുകളിൽ യാത്രക്കാരുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള ബാഗുകളിലാണ് കഞ്ചാവ് കൊണ്ടു വരുന്നത് . ലോക്കൽ കമ്പാർട്ടുമെന്റിൽ സീറ്റിനടിയിൽ വെച്ച ശേഷം ദൂരെ മാറി നിൽക്കാറാണ് പതിവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വിൽപ്പന . കാക്കനാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.