police
police

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ എറണാകുളത്തെ പ്രധാന ഒാഫീസിൽ ജോലിക്ക് കയറാൻ തയ്യാറായെത്തുന്ന ജീവനക്കാരെ സമരക്കാർ ഉൾപ്പെടെയുള്ളവർ കായികമായി നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി. കടവന്ത്രയിലെ മുത്തൂറ്റ് സെക്യൂരിറ്റീസിലെ ജീവനക്കാർക്ക് മതിയായ പൊലീസ് സംരക്ഷണം നൽകാനും നിർദ്ദേശിച്ചു. മുത്തൂറ്റിലെ സമരത്തെത്തുടർന്ന് പ്രധാന ഒാഫീസിലെയും കടവന്ത്രയിലെ ഒാഫീസിലെയും മാനേജരും ജീവനക്കാരും നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ.

മുത്തൂറ്റ് ഫിനാൻസിൽ നേരത്തെ നടന്ന സമരത്തെത്തുടർന്ന് നൽകിയ ഹർജിയിലാണ് ജോലിക്കായി എത്തുന്ന ജീവനക്കാരെ കായികമായി നേരിടുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്. ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ഡി.ജി.പി എന്നിവരെ കക്ഷിചേർക്കാനും നിർദ്ദേശിച്ചു. ചില ബ്രാഞ്ചുകൾ പൂട്ടുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നതിനെതിരെ നോൺ ബാങ്കിംഗ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ളോയീസ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സമരം നടന്നുവരികയാണ്. എന്നാൽ സമരം അക്രമാസക്തമാണെന്നും ജോലിക്ക് കയറാൻ തയ്യാറാകുന്നവരെ സമരക്കാർ കായികമായി നേരിടുകയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ മുത്തൂറ്റ് മാനേജ്മെന്റിനെ കേസിൽ കക്ഷി ചേർക്കാത്തതെന്താണെന്ന് ആരാഞ്ഞ ഹൈക്കോടതി ഇതിന് നിർദ്ദേശം നൽകി. കടവന്ത്രയിലെ മുത്തൂറ്റ് സെക്യൂരിറ്റീസിന്റെ 50 മീറ്റർ ചുറ്റളവിൽ പ്രതിഷേധങ്ങൾ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.