കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ ഓഫീസുകളിൽ പണിമുടക്കല്ല, അക്രമം അഴിച്ചുവിട്ട് പ്രവർത്തനം തടസപ്പെടുത്തലാണ് നടക്കുന്നതെന്ന് മാനേജ്മെന്റ് ആരോപിച്ചു. ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കുന്ന സാഹചര്യം സൃഷ്ടിക്കണമെന്ന് മാനേജ്മെന്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.
സമരം ചെയ്യാനും ജോലി ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. ജോലി ചെയ്യാനുള്ള അവകാശം ഉറപ്പാക്കാൻ സർക്കാർ തയ്യാറായാൽ 90 ശതമാനം ശാഖകളും മേഖലാ ഓഫീസുകളും ഹെഡ് ഓഫീസും സാധാരണ പോലെ പ്രവർത്തിപ്പിക്കാൻ കഴിയും.
കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർമാർ ഉൾപ്പെടുന്ന ബോർഡിന്റെ തീരുമാനപ്രകാരമാണ് വളർച്ച മുരടിച്ചതും ലാഭകരമല്ലാത്തതുമായ 43 ശാഖകൾ അടച്ചത്. ശാഖകൾ അടയ്ക്കുന്നത് പരസ്യത്തിലൂടെയും എഴുത്തുകളിലൂടെയും ഇടപാടുകാരെയും റിസർവ് ബാങ്കിനെയും അറിയിച്ചിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയാണ് അടച്ചത്. 164 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു. നിയമാനുസൃതമായ എല്ലാ ആനുകൂല്യങ്ങളും ഡിസംബറിൽ നൽകി.
ഹെഡ് ഓഫീസിലെ ജീവനക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ജീവനക്കാർക്ക് വരാനും പോകാനും സുരക്ഷ നൽകാൻ ഉത്തരവിട്ടിരുന്നു. സമരക്കാർ ഓഫീസിന്റെ 15 മീറ്റർ ചുറ്റളവിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. സി.ഐ.ടി.യുവിന്റെയും ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും പ്രവർത്തകർ ജീവനക്കാരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭീകരാന്തരീക്ഷം സൃഷ്ടിച്ചു മുത്തൂറ്റ് ഫിനാൻസിന്റെ കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കാനാണ് സമരം നടത്തുന്നത്.
ബഹുഭൂരിപക്ഷം തൊഴിലാളികളും സമരത്തിന് എതിരായതിനാലാണ് സി.ഐ.ടി.യുക്കാർ പുറത്തു നിന്നുള്ളവരെ നിയോഗിച്ചതെന്ന് മാനേജ്മെന്റ് ആരോപിച്ചു.