പള്ളുരുത്തി: ചരിത്ര സ്മരണകൾ ഉണർത്തി അഴകിയകാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് വീണ്ടുമൊരു പുല വാണിഭമേളക്ക് വേദി ഒരുങ്ങുന്നു. ധനുമാസത്തിലെ അവസാനത്തെ വ്യാഴാഴ്ചയാണ് പ്രധാനമായും മേള നടക്കുന്നത്. രാത്രിയെ പകലാക്കി നടക്കുന്ന വ്യാപാരത്തിൽ ലക്ഷങ്ങളുടെ കച്ചവടം നടക്കും. പണ്ടുകാലത്ത് അഴകിയ കാവ് ക്ഷേത്രത്തിൽ പുലയ സമുദായത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.എന്നാൽ ഇവരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ കൊച്ചി മഹാരാജാവ് ധനുമാസത്തെ അവസാനത്തെ വ്യാഴാഴ്ച ഇവർക്ക് ദേശദേവതയായ അഴകിയ കാവിലമ്മയെ ക്ഷേത്രത്തിൽ കയറി തൊഴാൻ അനുമതി നൽകി. തുടർന്നുള്ള വർഷങ്ങളിൽ ഇവർ അതൊരു ഉത്സവമാക്കി മാറ്റി. ഇവർ അദ്ധ്വാനിച്ചുണ്ടാക്കിയ വിഭവങ്ങൾ മേളയിൽ വിറ്റഴിക്കാൻ തുടങ്ങി. മുറം, കുട്ട, വട്ടി, ചട്ടി, മെത്തപായ, ചിക്ക് പായ, വിവിധ തരം ചട്ടികൾ, വിത്തിനങ്ങൾ, കരിമ്പ്, ഉരൽ, ഉലക്ക, അരകല്ല്, അമ്മിക്കല്ല് എന്നിവ മേളയിൽ അണിനിരക്കും. എന്നിരുന്നാലും ഉണക്ക സ്രാവാണ് മേളയിലെ പ്രധാന താരം. കിലോക്ക് 600 രൂപ മുതൽ 800 രൂപ വരെയാണ് ഇതിന്റെ വില. ദിവസങ്ങൾക്ക് മുൻപേ കച്ചവടക്കാർ ക്ഷേത്ര പരിസരത്ത് എത്തിക്കഴിഞ്ഞു.വർഷങ്ങളായി നടന്നു വരുന്ന മേളക്ക് സംഘാടകരോ, നോട്ടീസോ, പിരിവുകാരോ ഇല്ല. നൂറ്റാണ്ടുകളായി ധനുമാസം അവസാനിക്കാറാകുമ്പോൾ കച്ചവടക്കാരും ഉപഭോക്താക്കളും ഒരു നിമിത്തം പോലെ ഇവിടെ എത്തിച്ചേരും. മേള കഴിഞ്ഞ് ഒരാഴ്ചയോളം കച്ചവടക്കാർ ഇവിടെ തമ്പടിക്കാറുണ്ട്.