dileep

കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിൽ ചലച്ചിത്ര നടൻ ദിലീപ് ഉൾപ്പെടെ പ്രതികൾക്കെതിരെ വിചാരണക്കോടതി കുറ്റം ചുമത്തി. വിചാരണ ജനുവരി അവസാനം തുടങ്ങും. ഒന്നാം പ്രതി പൾസർ സുനിയും എട്ടാംപ്രതി ദിലീപും ഉൾപ്പെടെ എല്ലാ പ്രതികളും വിചാരണ നടപടിക്ക് പ്രത്യേക സി.ബി.ഐ കോടതിയിൽ ഇന്നലെ രാവിലെ ഹാജരായി.

പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തൽ നടപടി പൂർത്തിയാക്കി. ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. നിരപരാധികളെന്ന പ്രതികളുടെ വാദം രേഖപ്പെടുത്തിയ കോടതി സാക്ഷികളെ വിസ്തരിക്കേണ്ട സമയക്രമം തീരുമാനിക്കാൻ കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ജനുവരി 28 ന് വിചാരണ തുടങ്ങുമെന്നാണ് സൂചന. തീയതി ഇന്ന് പ്രഖ്യാപിക്കും.

ഇന്നലെ രാവിലെ പത്തരയോടെ ദിലീപ് കോടതിയിൽ ഹാജരായി. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി തല മുണ്ഡനം ചെയ്ത നിലയിലാണ് ദിലീപ് എത്തിയത്. ഉച്ചയ്ക്ക് 12.30 ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങി. അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്. കേസിൽ കുറ്റ വിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് അടുത്ത ദിവസം ഹൈക്കോടതിയെ സമീപിച്ചേക്കും.