കൊച്ചി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സംഘപരിവാർ ആസൂത്രിതമായി നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് കെ. എസ്. യു ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. കാലാലയങ്ങളെ കാവിപുതപ്പിച്ചു സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള കേന്ദ്രമാക്കി മാറ്റാമെന്ന കേന്ദ്ര സർക്കാരിന്റെ സ്വപ്നം ഒരിക്കലും യാഥാർത്ഥ്യമാവില്ലെന്ന് ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. നട്ടെല്ലു പണയം വയ്ക്കാത്ത യുവജനതയുടെ ആത്മരോക്ഷത്തെ തടഞ്ഞു നിർത്താൻ ആർക്കും സാധിക്കില്ല. പൗരത്വ ഭേദഗതി നിയമ പ്രചരണത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിലേക്ക് വരാൻ ധൈര്യം കാട്ടിയാൽ അദ്ദേഹത്തെ റോഡിൽ തടയുമെന്ന് അലോഷ്യസ് പറഞ്ഞു. കെ എസ് യു സംസ്ഥാന സെക്രട്ടറി പി എച്ച് അസ്‌ലം ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡന്റ് നോബൽ കുമാർ, ജില്ല ഭാരവാഹികളായ ഷാരോൺ പനക്കൽ, ആനന്ദ് കെ ഉദയൻ, ഫസ്‌ന ടി. വൈ, ബ്ലോക്ക് പ്രസിഡന്റുമാരായ അജാസ് മുഹമ്മദ്, ഹഫീസ് മുഹമ്മദ്, രോഹിത്, ആന്റണി തുടങ്ങിയവർ നേതൃത്വം കൊടുത്തു.