പറവൂർ : രാജ്യത്തെ ജനങ്ങളെ വേർതിരിക്കാൻ സി.പി.എമ്മും കോൺഗ്രസും വോട്ട് ബാങ്ക് രാഷ്ടീയം കളിക്കുയാണെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഹിന്ദു ഐക്യവേദി പറവൂരിൽ നടത്തിയ സ്വാഭിമാനസദസിന്റെയും ഐക്യദാർഢ്യ റാലിയുടേയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ളിം സമുദായത്തെ ഇല്ലാത്ത നുണകൾ പറഞ്ഞ് ഭയപ്പെടുത്തുതയാണ്. രാജ്യതാത്പര്യത്തിലുപരി രാഷ്ട്രീയ താത്പര്യമാണ് ഇവർ മുന്നിൽ കാണുന്നതെന്നും സെൻകുമാർ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ്, ആർ.എസ്.എസ് എറണാകുളം മേഖലാ സമിതി അംഗം സി.ജി. കമലാകാന്തൻ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ്. ഭദ്രൻ, എസ്.ജയകൃഷ്ണൻ, എ.ബി. ബിജു, പ്രകാശൻ തുണ്ടത്തുംകടവ്, എം.സി. സാബുശാന്തി, കെ.ആർ. രമേഷ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി നഗരത്തിൽ നടന്ന ഐക്യദാർഢ്യ റാലിയിൽ നൂറുകണക്കിനു പേർ പങ്കെടുത്തു.