കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവസംവിധായകൻ മരിച്ചു. തൃശൂർ നെല്ലായി ആനന്ദപുരം പഴയത്തുമനയിൽ വിവേക് ആര്യനാണ് (30) മരിച്ചത്. കൊടുങ്ങല്ലൂരിൽ ഡിസംബർ 22ന് ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തിൽ പോകവേ നായ കുറുകെ ചാടിയതിനെത്തുടർന്നായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ് എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. അമൃതയുടെ കൈക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞവർഷം പുറത്തിറങ്ങിയ 'ഓർമയിൽ ഒരു ശിശിരം' എന്ന ചിത്രത്തിന്റെ സംവിധായകനാണ്. സംവിധായകൻ ജീത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവർത്തിച്ചു. നാലുവർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക് ആര്യൻ പരസ്യസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു തമിഴ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു. ഭാര്യ അമൃത 'ഓർമയിൽ ഒരു ശിശിരം' എന്ന ചിത്രത്തിൽ വിവേകിന്റെ സഹസംവിധായികയായിരുന്നു. ഇരുവരും പാലാരിവട്ടം നിയോ ഫിലിം സ്കൂളിൽനിന്നാണ് സംവിധാനം പഠിച്ചത്. ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ് വിവേക്. സഹോദരൻ: ശ്യാം.