ആലുവ: കതിരണിയാൻ വീണ്ടും തയ്യാറെടുക്കുകയാണ് കീഴ്മാട് ഗ്രാമപഞ്ചായത്തിലെ കുട്ടമശേരി കുണ്ടോപ്പാടം. കുണ്ടോപാടം, തണങ്ങാട് പാടങ്ങളിലായി മുപ്പതേക്കറിൽ വാർഡ് മെമ്പർ വി.വി. മന്മഥന്റെ നേത്രത്വത്തിൽ പത്ത് അംഗങ്ങളടങ്ങിയ കുട്ടമശേരി പാടശേഖര സമിതിയാണ് കൃഷി നടത്തുന്നത്.
തരിശായിക്കിടന്നിരുന്ന പാടങ്ങളിൽ അഞ്ചാംതവണയാണ് പാടശേഖരസമിതി കൃഷിയിറക്കുന്നത്. 2018ൽ പാടം കൃഷി ഇറക്കാൻ പാടശേഖരം ഒരുക്കുന്നതിനിടെ നിലം ഉഴുകുവാൻ കൊണ്ടുവന്ന ട്രാക്ടർ അടക്കം വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്നു. അതിനാൽ ആ വർഷം കൃഷി ഇറക്കിയില്ല.
2019ലെ വെള്ളപ്പൊക്കത്തിലും പാടം മുങ്ങിയതിനാൽ സെപ്തംബറിൽ ആരംഭിക്കേണ്ട കൃഷി വൈകിയാണ് ആരംഭിച്ചത്. കൃഷിവകുപ്പ് നൽകുന്ന ഉമ ഇനത്തിൽപ്പെട്ട വിത്ത് പാകി ഞാർ നട്ടാണ് ഇത്തവ കൃഷി ഇറക്കിയിരിക്കുന്നത്. കുട്ടമശേരി സർവീസ് സഹകരണ ബാങ്ക്, കിഴ്മാട് കൃഷിഭവൻ, പഞ്ചായത്ത് തുടങ്ങിയവയുടെ സഹായവും സമിതിക്കുണ്ട്. നേരത്തെ രണ്ടുതവണ സമിതിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത് 'കുട്ടമശേരി കുത്തരി' എന്ന പേരിൽ വിപണിയിൽ ഇറക്കിയിരുന്നു.
ഇത്തവണ വീണ്ടും മണ്ണിന്റെ മണവും പച്ചപ്പിന്റെ സൗന്ദര്യവും ഒരുക്കി പുതിയൊരു കൃഷിക്ക് തുടക്കമിട്ടിരിക്കുകയാണ് കുട്ടമശേരി പാടശേഖര സമിതി.