തൃപ്പൂണിത്തുറ: ഒരു കുടുംബത്തിലെ നാലു പേരുടെ മരണവാർത്ത കേട്ടാണ് ഉദയംപേരൂർ ഗ്രാമം ഇന്നലെ ഉണർന്നത്. പുലർച്ചെ ചേർത്തലയിലെ വേളാർവട്ടം കുടുംബക്ഷേത്രത്തിൽ ദർശനത്തിനു പോയ ഉദയംപേരൂർ പത്താംമൈൽ കൊച്ചുപള്ളി മനയ്ക്കപറമ്പിൽ വിശ്വനാഥനും കുടുംബവും വൈക്കം ചേരുംചുവടിനു സമീപം അപകടത്തിൽ പെട്ടു എന്ന വാർത്ത പരന്നതോടെ നാടൊന്നാകെ പരിഭാന്തിയിലായി.
ഏറെ നേരം കഴിഞ്ഞാണ് മരണം സ്ഥിരീകരിച്ചത്. അപ്പോഴേയ്ക്കും പത്താംമൈലും പരിസരവും ജനനിബിഡമായിക്കഴിഞ്ഞിരുന്നു.
വിശ്വനാഥൻ ദാരിദ്ര്യത്തോടു പടവെട്ടിയാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. പലചരക്കു സാധനങ്ങൾ വാങ്ങി വീടുകളിൽ എത്തിച്ചു നൽകിയിരുന്ന ഇദ്ദേഹം ജില്ലാ സഹകരണ ബാങ്കിൽ ജോലി ലഭിച്ചതോടെ അത് നിർത്തി. വിരമിച്ച ശേഷമാണ് പത്താംമൈലിൽ പലചരക്കു വ്യാപാരം തുടങ്ങിയത്.
മകൻ സൂരജിന്റെ പേരിലുള്ള വഴിപാടുകൾ നടത്തുന്നതിനു വേണ്ടിയാണ് ഒരു വർഷം മുൻപ് വാങ്ങിയ കാറിൽ ചേർത്തലയിലേയ്ക്ക് പോയത്.
• വിടവാങ്ങിയത് നാട്ടുകാരുടെ കമ്പ്യൂട്ടർ വിദഗ്ദ്ധൻ
അപകടത്തിൽ മരിച്ച സൂരജ് നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. കമ്പ്യൂട്ടർ തകരാറുകൾ പരിഹരിക്കുവാൻ വിളിപ്പുറത്തെത്തുന്ന സൂരജ് ഇനി ഇല്ല എന്ന് ആർക്കും വിശ്വസിക്കുവാനാവുന്നില്ല. ഉദയംപേരൂർ വലിയകുളത്തിനു സമീപം ഇൻസ്‌പയർ ഐ .ടി സെല്യൂഷൻ എന്ന കമ്പ്യൂട്ടർ സർവീസ് സ്ഥാപനം നടത്തുകയായിരുന്ന സൂരജ്. വിവാഹ ആലോചനകളും നടക്കുന്നുണ്ടായിരുന്നു.
മേഖലയിലെ പല സ്‌കൂളുകളിലെയും കമ്പ്യൂട്ടർ ലാബുകളിലെ തകരാറുകൾ പരിഹരിക്കുന്നതിന് ആശ്രയിച്ചിരുന്നത് സൂരജിനെയാണ്. പരീക്ഷാവേളകളിലും മറ്റും തകരാറുകളുണ്ടായാൽ ഒരു മടിയും കൂടാതെ സൂരജ് ഓടിയെത്തും.
എസ്.എൻ.ഡി.പി യൂത്ത് മൂവ്‌മെന്റിന്റെ പ്രവർത്തനങ്ങളിലും സൂരജ് സജീവമായിരുന്നു.
യാത്രകളെ ഏറെ ഇഷ്ടപ്പെട്ട സൂരജ് അടുത്തിടെ ബൈക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഗോവ യാത്ര നടത്തി. കാശ്മീർ യാത്രയ്ക്കുള്ള ഒരുക്കങ്ങൾക്കിടെയാണ് ദുരന്തം. നല്ലൊരു ബാഡ്മിന്റൺ കളിക്കാരനുമായിരുന്നു.
വിശ്വനാഥന്റെ മകൾ അഞ്ജുഷയ്ക്ക് മാതാപിതാക്കളുടെയും സഹോദരന്റെയും വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. തന്നെ തനിച്ചാക്കിയല്ലോയെന്നു അലമുറയിട്ടു കരയുന്ന അഞ്ജുവിന്റെ ദു:ഖം കണ്ടു നിൽക്കുന്നവർക്കും താങ്ങുവാൻ കഴിയാത്തതായിരുന്നു.
വൈകീട്ട് മൂന്നു മണിയോടെയാണ് മൃതദേഹങ്ങൾ ഉദയംപേരൂരിലെ വീട്ടിൽ കൊണ്ടുവന്നത്. നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിക്കുവാനെത്തി. അഞ്ചു മണിയോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചു.
മരണങ്ങളിൽ അനുശോചിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ഉച്ചയ്ക്കുശേഷം ഉദയംപേരൂരിൽ കടകൾ അടച്ചു. പൂർവ്വ വിദ്യാർത്ഥിയായ സൂരജിന്റെ വേർപാടിനെത്തുടർന്ന് ഉദപേരൂർ എസ് എൻ .ഡി പി സ്കൂളിന് ഇന്നലെ ഉച്ചയ്ക്കുശേഷം അവധി നൽകി.