കൊച്ചി: പിരിച്ചുവിട്ട ജീവനക്കാരുടെ സമരത്തിനിടെ ഓഫീസിലേക്ക് വന്ന മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്‌ടർ ജോർജ് അലക്‌സാണ്ടറിന്റെ കാറിനു നേരെ കല്ലേറ്. തലയ്‌ക്ക് പരിക്കേറ്റ ജോർജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ഒരാളെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിന് പിന്നിൽ സി.ഐ.ടി.യുക്കാരാണെന്ന് മുത്തൂറ്റ് മാനേജ്മെന്റ് ആരോപിച്ചു.
ഇന്നലെ രാവിലെ ഒമ്പതരയ്‌ക്ക് കൊച്ചി റേഞ്ച് ഡി.ഐ.ജി ഓഫീസിന് മുന്നിലായിരുന്നു സംഭവം. കാറിന്റെ മുൻ സീറ്റിലിരുന്ന ജോർജിനെ വലിയ കോൺക്രീറ്റ് കട്ടയ്‌ക്ക് എറിയുകയായിരുന്നു. ഇടതു ഡോറിന്റെ ചില്ല് തകർത്ത കട്ട തലയ്‌ക്ക് പിന്നിലിടിക്കുകയായിരുന്നു. നാലുപേരാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നീല ഷർട്ടും മുണ്ടും ധരിച്ചയാളാണ് കല്ലെറിഞ്ഞതെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
ശാഖകൾ പൂട്ടിയതിലും ജീവനക്കാരെ പിരിച്ചുവിട്ടതിലും പ്രതിഷേധിച്ച് കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫീസിനു മുന്നിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞിരുന്നു. അതിനാൽ ഡി.ഐ.ജി ഓഫീസിന് മുന്നിൽ ഒത്തുകൂടി ഒരുമിച്ച് ഓഫീസിലെത്താനായിരുന്നു ജീവനക്കാരുടെ തീരുമാനം. ജോർജ് ഇവിടേക്ക് വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ജോലിക്കെത്തുന്നവരെ സമരക്കാർ കായികമായി നേരിടുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.